മലപ്പുറത്ത് നഗരസൗന്ദര്യവത്കരണം അവസാനഘട്ടത്തില്‍

മലപ്പുറം: നഗരത്തിലെ പ്രധാന ജങ്ഷനുകളുടെ സൗന്ദര്യവത്കരണം അവസാനഘട്ടത്തില്‍. മാര്‍ച്ച് ഒന്നിന് ആരംഭിച്ച നഗരസൗന്ദര്യവത്കരണ പ്രവൃത്തികളാണ് പൂര്‍ത്തിയാകുന്നത്. കോട്ടപ്പടി, കിഴക്കത്തേല, കാവുങ്ങല്‍ ജങ്ഷനുകളാണ് സൗന്ദര്യവത്കരിക്കുന്നത്. 26 ലക്ഷം രൂപ ചെലവിലാണ് നഗരത്തിലെ പ്രധാനജങ്ഷനുകള്‍ മോടിപിടിപ്പിക്കുന്നത്. ഇതിനൊപ്പം നഗരത്തിലെ എല്ലാ ബസ്സ്റ്റോപ്പുകളും ഒരേ മാതൃകയിലാക്കും. ഒമ്പത് ബസ്സ്റ്റോപ്പുകളാണ് നഗരത്തില്‍ പുതുതായി നിര്‍മിക്കുന്നത്. കോട്ടപ്പടി, കുന്നുമ്മല്‍ എന്നിവിടങ്ങളില്‍ ബസ് സ്റ്റോപ്പുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. കോട്ടപ്പടി ജങ്ഷന്‍ 13 ലക്ഷം രൂപ ചെലവിലും കിഴക്കത്തേല 11 ലക്ഷം രൂപ ചെലവിലും കാവുങ്ങല്‍ ജങ്ഷന്‍ രണ്ട് ലക്ഷം രൂപ ചെലവിലുമാണ് സൗന്ദര്യവത്കരിക്കുന്നത്. നഗരസഭ തയാറാക്കിയ പ്ളാന്‍ പ്രകാരം സ്വകാര്യ സ്ഥാപനങ്ങളാണ് സൗന്ദര്യവത്കരണത്തിനായി മുന്നോട്ട് വന്നത്. മൂന്ന് ജങ്ഷനുകളുടെയും പ്രവൃത്തി പൂര്‍ത്തിയാക്കി സ്വാതന്ത്ര്യദിനത്തില്‍ ഇവ നഗരസഭക്ക് നിര്‍മാണചുമതല ഏറ്റെടുത്തവര്‍ കൈമാറുമെന്ന് മലപ്പുറം നഗരസഭാ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് മുസ്തഫ മാധ്യമത്തോട് പറഞ്ഞു. സ്ഥാപിക്കാനുള്ള ബാക്കി ബസ്സ്റ്റോപ്പുകള്‍ ഒരാഴ്ചക്കകം വിവിധയിടങ്ങളില്‍ സ്ഥാപിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.