കോഴിക്കോട്: വംശനാശം സംഭവിച്ചതാണെന്ന് ശാസ്ത്രലോകം വിശ്വസിച്ചിരുന്ന സസ്യത്തെ കണ്ടെത്തി മലയാളികളടങ്ങുന്ന ഗവേഷക സംഘം. ഇഞ്ചി സസ്യകുടുംബത്തിൽപെട്ട (Zingiberaceae) ഗ്ലോബ ആൻഡെർസോണി (Globba andersonii) എന്ന സസ്യത്തെയാണ് മലയാളി ശാസ്ത്രജ്ഞർ അടങ്ങുന്ന സംഘം സിക്കിമിലെ താഴ്വാരത്തിൽനിന്ന് കണ്ടെത്തിയത്. 1875ലാണ് അവസാനമായി ഈ സസ്യത്തെ കണ്ടത്.
തുടർന്ന് വംശനാശം സംഭവിച്ചതായാണ് ശാസ്ത്രജ്ഞർ കരുതിയത്. 136 വർഷത്തിനുശേഷം ഗ്ലോബ ആൻഡെർസോണിയെ കണ്ടെത്തിയത് പട്ടാമ്പി ഗവ. കോളജിലെ ബോട്ടണി വിഭാഗം അധ്യാപകൻ ടി. ജയകൃഷ്ണൻ, മലബാർ ബൊട്ടാണിക്കൽ ഗാർഡനിലെ സസ്യശാസ്ത്രജ്ഞരായ പ്രഫ. ഡോ. മാമിയിൽ സാബു, ഡോ. വി.എസ്. ഹരീഷ്, പുണെ ആസ്ഥാനമായ ബയോസ്ഫിയറിലെ ശാസ്ത്രജ്ഞൻ ഡോ. സചിൻ അനിൽ പുനേക്കർ എന്നിവരടങ്ങുന്ന ഗവേഷക സംഘമാണ്.
ഒരു ഫോട്ടോയുടെ തുമ്പുതേടി നടത്തിയ യാത്രയിലാണ് സിക്കിമിലെ ടീസ്റ്റ് നദിക്ക് സമീപം ചെടി കണ്ടത്. കഴിഞ്ഞവർഷം രണ്ടുമാസത്തോളം ഗവേഷകസംഘം സിക്കിമിൽ ഇതിനായി ചെലവിട്ടു. ഈ പ്രേദശത്ത് മാത്രമാണ് ഇൗ ചെടിയുള്ളതെന്ന് ടി. ജയകൃഷ്ണൻ പറഞ്ഞു.
രണ്ടോ മൂന്നോ ചെടികൾ മാത്രമാണ് സിക്കിമിലുണ്ടായിരുന്നത്. കേരളത്തിലെത്തിച്ച് വളർത്താൻ ശ്രമിച്ചെങ്കിലും കാലാവസ്ഥ അനുകൂലമായിരുന്നില്ല. പ്രമുഖ അന്താരാഷ്ട്ര ജേണലായ ബോട്ടണി ലെറ്റേഴ്സിൽ കഴിഞ്ഞദിവസം ഇവരുടെ പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചു. വെളുത്ത പുഷ്പങ്ങൾ, അനുബന്ധ ഭാഗങ്ങളില്ലാത്ത കേസരം എന്നിവയാണ് ഗ്ലോബ ആൻഡെർസോണിയുടെ സവിശേഷതകൾ.
പുഷ്പങ്ങൾക്ക് നർത്തകിയുടെ ആകൃതിയുള്ളതിനാൽ ഡാൻസിങ് ലേഡീസ് എന്നും അറിയപ്പെടുന്ന ഈ സസ്യങ്ങൾ ജൂൺ, ജൂലൈ മാസങ്ങളിൽ പുഷ്പിക്കുകയും ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളോടുകൂടി കായ്ക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.