പട്ടയത്തിനായി മുട്ടാത്ത വാതിലുകളില്ല; ഷൈനിയും കുടുംബവും താമസിക്കുന്നത് ഷെഡിനുള്ളില്‍

ഇരിട്ടി: പട്ടയം ലഭ്യമാകാത്തതിനാല്‍ തല ചായ്ക്കാന്‍ സുരക്ഷിതമായ വീട് നിര്‍മിക്കുകയെന്നത് സ്വപ്നമായി മാറിയിരിക്കുകയാണ് പടിയൂര്‍ പഞ്ചായത്തിലെ ആര്യങ്കോട് സ്വദേശിനിയായ കുറ്റിക്കല്‍ ഷൈനിക്ക്. ഷൈനിയും രണ്ടു മക്കളും വീടില്ലാതെ പ്ലാസ്റ്റിക് ഷെഡിനുള്ളിലാണ് ജീവിതം തള്ളിനീക്കുന്നത്. 26 വര്‍ഷമായി സ്ഥലത്തിൻെറ പട്ടയത്തിനായി സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങുകയാണ് ഈ കുടുംബം. മാസങ്ങള്‍ക്കു മുമ്പ് ആര്യങ്കോട് മേഖലയില്‍ പട്ടയവിതരണം നടത്തിയിട്ടും ഈ കുടുംബത്തിൻെറ അപേക്ഷകള്‍ പരിഗണിച്ചില്ല. നാലുവര്‍ഷം മുമ്പ് നിര്‍മിച്ചതാണ് ഷെഡ്. കൂലിപ്പണിക്കു പോയാണ് ഈ അമ്മ മക്കളെ പോറ്റുന്നത്. വിദ്യാഭ്യാസത്തില്‍ മികച്ച വിജയം നേടിയ മക്കളെ കൂടുതല്‍ പഠിപ്പിക്കണമെന്ന ആഗ്രഹമുണ്ടെങ്കിലും അതും ഒരു സ്വപ്നമായി അവശേഷിക്കുന്നു. പ്രായപൂര്‍ത്തിയായ മകളെ ഈ കുടിലില്‍ താമസിപ്പിക്കുന്നത് പ്രായോഗികമല്ലാത്തതിനാൽ ഹോസ്റ്റലിലാണ് നിര്‍ത്തിയിരിക്കുന്നത്. മകളുടെ ഹോസ്റ്റല്‍ ഫീസും വീട്ടുവാടകയും താങ്ങാന്‍ സാധിക്കാതെയാണ് താമസം കുടിലിലേക്ക് മാറ്റിയത്. മകന്‍ അമ്മയെ സഹായിക്കാൻ ഒമ്പതാംക്ലാസ് പഠനത്തോടെ പഠിപ്പ് നിര്‍ത്തി കൂലിപ്പണിക്ക് പോയിത്തുടങ്ങി. സ്ഥലത്തിന് പട്ടയമില്ലാത്തതിനാല്‍ ബാങ്കുകളോ, ധനകാര്യ സ്ഥാപനങ്ങളോ വായ്പകള്‍ നല്‍കുന്നില്ല. 26 വര്‍ഷമായി താമസിച്ചുപോരുന്ന സ്ഥലത്തിൻെറ പട്ടയത്തിനായി മുട്ടാത്ത വാതിലുകള്‍ ഇല്ലെന്ന് ഷൈനി പറയുന്നു. കുടിവെള്ളത്തിനായി സമീപ വീടുകളെ ആശ്രയിക്കുന്നുണ്ടെങ്കിലും പ്രഭാതകൃത്യങ്ങള്‍ക്കായി ശൗചാലയംപോലും ഈ കുടുംബത്തിന് അന്യമാണ്. സഹായിക്കാന്‍ സന്നദ്ധ സംഘടനകളോ സര്‍ക്കാറോ മുന്നോട്ടുവരുമെന്ന പ്രതീക്ഷയിലാണ് കുടുംബം. പടം..... ityshyni പടിയൂര്‍ ആര്യങ്കോട്ടെ ഷൈനിയും കുടുംബവും താമസിക്കുന്ന ഷെഡ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.