കേളകം: സംസ്ഥാന സർക്കാറിൻെറ സുഭിക്ഷ കേരളം പദ്ധതിക്ക് ഒപ്പം ചേർന്ന് വൈവിധ്യങ്ങളുടെ വിത്തെറിഞ്ഞ് ആറളം ഫാമും. ആദ്യ ഘട്ടമെന്ന നിലയിൽ ഇഞ്ചി, മഞ്ഞൾ, നെല്ല് എന്നിവയുടെ വിത്താണ് ഇറക്കിയത്. നാണ്യവിളകളുടെയും നടീൽ വസ്തുക്കളുടെയും കേന്ദ്രമാണ് ഫാം. ലോകത്തിലെ മികച്ചയിനം കശുവണ്ടിയുടെ കേന്ദ്രം എന്നതിനൊപ്പം നാളികേരവും റബറുമായിരുന്നു ഫാമിൻെറ നട്ടെല്ല്. സംസ്ഥാനത്തെ മികച്ച നടീൽ വസ്തുക്കളുടെ കേന്ദ്രം എന്നനിലയിലും പ്രസിദ്ധമാണ്. കുരങ്ങിൻെറയും കാട്ടാനകളുടെയും ശല്യം കാരണം നാണ്യവിളകളിൽനിന്നുള്ള വരുമാനം ഗണ്യമായി കുറഞ്ഞതോടെയാണ് വൈവിധ്യവത്കരണത്തിലൂടെ വരുമാനവും ഫാമിനെ ആശ്രയിച്ച് ജീവിക്കുന്ന ആദിവാസികൾക്ക് തൊഴിലും കൂലിയും ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. കുരങ്ങിൻെറയും ആനയുൾപ്പെടെ മറ്റ് വന്യമൃഗങ്ങളുടെയും ശല്യം അധികമുണ്ടാകാത്ത കാർഷിക വിളകളാണ് സുഭിഷ കേരളം പദ്ധതി പ്രകാരം ഫാമിൽ കൃഷിചെയ്യുന്നത്. ആദിവാസി പുനരധിവാസ മേഖലയിൽ ഇഞ്ചിയും മഞ്ഞളും കൃഷിയിറക്കി മികച്ച വിള ലഭിച്ചതും ഫാമിന് പ്രചോദനമായിരിക്കുകയാണ്. ഇഞ്ചി, മഞ്ഞൾ എന്നിവയുടെ വിത്തിടൽ ഫാം മാനേജിങ് ഡയറക്ടർ ബിമൽ ഘോഷും മുതിർന്ന തൊഴിലാളികളും ചേർന്ന് നിർവഹിച്ചു. മുതിർന്ന തൊഴിലാളികളായ സുശീല സോമൻ, മേരി, പവിത്രൻ, ജോർജ് എന്നിവരാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്. ഫാം സൂപ്രണ്ട് മോഹൻദാസ്, മാർക്കറ്റിങ് ഓഫിസർ ശ്രീകുമാർ, പ്രസന്നൻ നായർ, ആൻറണി ജേക്കബ് എന്നിവരും തൊഴിലാളി നേതാക്കളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.