പയ്യന്നൂരിൽ നിയമം ലംഘിച്ചാൽ കാമറയിൽ കുടുങ്ങും

പയ്യന്നൂർ: ലോക്ഡൗൺ നാലാം ഘട്ടത്തിൽ ഇളവുകൾ നൽകിയതോടെ പയ്യന്നൂർ നഗരം സാധാരണ നിലയിലേക്ക്. രണ്ടുമാസത്തോളമുള്ള അടച്ചിടലിനുശേഷം ബുധനാഴ്ച നഗരത്തിലെ കടകൾ തുറന്നതോടെ ആളുകളുടെ തിരക്കനുഭവപ്പെട്ടുതുടങ്ങി. സാമൂഹിക അകലം പാലിക്കുന്നതിന് കടയുടമകളും ജീവനക്കാരും ആളുകളെ നിർബന്ധിക്കുന്നുണ്ടെങ്കിലും ഇത് പലപ്പോഴും പാലിക്കാത്ത സ്ഥിതിയുണ്ട്. വലിയ തുണിക്കടകളടക്കം തുറന്നുവെങ്കിലും വലിയ തിരക്ക് അനുഭവപ്പെട്ട് തുടങ്ങിയിട്ടില്ല. പെരുന്നാളിനോടനുബന്ധിച്ചുള്ള തിരക്കും കാര്യമായി അനുഭവപ്പെടുന്നില്ല. ഏതാനും ജ്വല്ലറികളും ബുധനാഴ്ച തുറന്നിട്ടുണ്ട്. ലോക്ഡൗൺ കാലത്ത് സ്വർണവില റെക്കോഡിലേക്ക് കടന്നത് വിപണിയെ ബാധിക്കുമെന്ന സ്ഥിതി നിലനിൽക്കുന്നുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് നടത്തി. ഓട്ടോറിക്ഷകളും ഓടുന്നുണ്ട്. സർക്കാർ നിർദേശിച്ച സുരക്ഷാ മാനദണ്ഡങ്ങളനുസരിച്ചാണ് ഓട്ടോകളിലും ആളുകളെ കയറ്റുന്നത്. ഇളവുകൾ ലഭിച്ചതോടെ റോഡുകളിൽ സ്വകാര്യ വാഹനങ്ങളും കൂടി. നിർമാണ പ്രവൃത്തികളും ആരംഭിച്ചിട്ടുണ്ട്. മഴക്കുമുമ്പ് റോഡ്, കലുങ്ക്, ഓവുചാൽ പണിയടക്കം ആരംഭിച്ചിട്ടുണ്ട്. ജനം നിയമം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ പെരുമ്പ കെ.എസ്.ആർ.ടി.സി ഡിപ്പോ മുതൽ പുതിയ ബസ് സ്റ്റാൻഡ് വരെ പൊലീസ് പത്തോളം നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. ഡിവൈ.എസ്.പി രത്നകുമാർ നിരീക്ഷണ കാമറകളുടെ ഉദ്ഘാടനം നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.