കോഴിക്കോട്: നഗരത്തിൽ താമസിക്കുന്ന 35 അന്തർ സംസ്ഥാന തൊഴിലാളികൾക്ക് ജില്ല ഫൂട്വെയർ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ അരിയും പച്ചക്കറിയും നൽകി. 50 കിലോഗ്രാം അരിയും പച്ചക്കറികളുമാണ് അസോസിയേഷൻ പ്രസിഡൻറ് സാദിഖ് പള്ളിക്കണ്ടിയുടെ നേതൃത്വത്തിൽ അന്തർ സംസ്ഥാന തൊഴിലാളികൾക്ക് നൽകിയത്. അശോക ആശുപത്രിക്ക് പിൻവശം താമസിക്കുന്ന ഒഡിഷ സ്വദേശികളായ 35ഓളം തൊഴിലാളികൾക്കാണ് ഭക്ഷണ സൗകര്യം ലഭ്യമാക്കിയത്. ലോക്ഡൗൺ പ്രഖ്യാപനത്തിനുശേഷം തൊഴില്ലില്ലാതെ ഇവർ ദുരിതം അനുഭവിച്ചുവരുന്നത് ഒഡിഷയിലെ കോൺഗ്രസ് കോവിഡ് കൺട്രോൾ കൺവീനർ വിസ്മയ മഹാഭദ്ര കോഴിക്കോട് യൂത്ത് കോൺഗ്രസ് പ്രസിഡൻറ് ആർ. ഷൈനിനെ അറിയിച്ചതിൻെറ അടിസ്ഥാനത്തിലാണ് ഭക്ഷ്യധാന്യങ്ങൾ എത്തിച്ചതെന്ന് ഇവർ അറിയിച്ചു. യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് സിദ്ദീക്കും പങ്കെടുത്തു. പകൽ പന്തംകൊളുത്തി പ്രതിഷേധം കോഴിക്കോട്: കോവിഡ് –19 കാലത്ത് അമിത നിരക്ക് ഈടാക്കുന്ന കെ.എസ്.ഇ.ബിയുടെ നടപടിക്കെതിരെ വെസ്റ്റ് മാങ്കാവ് ബൂത്ത് കോൺഗ്രസ് കമ്മിറ്റി പകൽ പന്തം തെളിച്ചു പ്രതിഷേധിച്ചു. എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന മുൻ വൈസ് പ്രസിഡൻറ് വി. അബ്ദുൽ റസാഖ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡൻറ് എം. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. പുഷ്പൻ മാനാരി, കെ. രാജൻ, കെ. സഞ്ജയ്, സാനുഷി ഫാദ് എന്നിവർ നേതൃത്വം നൽകി. ചേവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി വെള്ളിമാടുകുന്ന് സെക്ഷൻ ഓഫിസിന് മുന്നിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സമീജ് പാറോപ്പടി ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡൻറ് പി. ഉല്ലാസ് കുമാർ, മഹിള കോൺഗ്രസ് ജില്ല സെക്രട്ടറി ലത സദാശിവൻ, ബ്ലോക്ക് സെക്രട്ടറി ടി.കെ. ചന്ദ്രൻ, മണ്ഡലം െസക്രട്ടറി സുരേഷ് പാറക്കാട്, ദലിത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ശിവദാസ് കുമാർ, ബിജു, അബ്ദുറഹിമാൻ, വേലായുധൻ നായർ, എന്നിവർ പങ്കെടുത്തു. തെരുവിൻെറ മക്കൾക്ക് താങ്ങായി 'സുരക്ഷ' കോഴിക്കോട്: കോവിഡ് മഹാമാരി തെരുവിൻെറ മക്കളെ ആട്ടിയകറ്റിയപ്പോൾ അവർക്ക് താങ്ങായി സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റിവ് സൊസൈറ്റി. തെരുവിലുറങ്ങിയവരെ കോവിഡ് കാലത്ത് മാറ്റി പ്പാർപ്പിച്ച ഫിസിക്കൽ എജുക്കേഷൻ കോളജിലെയും മെഡിക്കൽ കോളജിലെയും ക്യാമ്പുകളുടെ പ്രവർത്തനം 'സുരക്ഷ'യാണ് ഏറ്റെടുത്ത് നടത്തുന്നത്. എന്നാൽ, മെഡിക്കൽ കോളജിലെ ക്യാമ്പ് നിലവിൽ ഫിസിക്കൽ എജുക്കേഷൻ കോളജിലെ ക്യാമ്പുമായി ലയിപ്പിച്ചതിനാൽ ഒരു ക്യാമ്പായാണ് പ്രവർത്തിക്കുന്നത്. രണ്ട് സ്ത്രീകളും 98 പുരുഷന്മാരുമടക്കം 100 അന്തേവാസികളാണ് ക്യാമ്പിൽ കഴിയുന്നത്. കോഴിക്കോട് നോർത്ത് സോണൽ കമ്മിറ്റിയംഗം വൈ.എം. പ്രമോദ് കുമാറിൻെറ നേതൃത്വത്തിൽ 15 അംഗ സന്നദ്ധസേനാ പ്രവർത്തകർ പ്രതിഫലമൊന്നും വാങ്ങാതെ 24 മണിക്കൂറും ക്യാമ്പിൻെറ പ്രവർത്തനത്തിൽ പങ്കാളികളാണ്. തെരുവിലെ ജീവിതം സമ്മാനിച്ച രോഗങ്ങൾക്കൊപ്പം എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ്, മാനസിക തകരാറുകൾ എന്നിവയും അനുഭവിക്കുന്ന ഇവരെ ഇടക്കിടെ ആശുപത്രികളിൽ എത്തിക്കുക, രക്തപരിശോധന, മരുന്നുകൾ എന്നിവ ലഭ്യമാക്കുക തുടങ്ങിയവ നിർബന്ധമാണ്. ഈ പ്രവർത്തനത്തിന് നഴ്സ് ഒ.ശ്യാമളയുടെ നേതൃത്വത്തിൽ റിട്ട. നഴ്സുമാരും വലിയ പങ്കുവഹിക്കുന്നുണ്ട്. അനുശോചിച്ചു കോഴിക്കോട്: കാലിക്കറ്റ് ടൈൽ മാനുഫാക്ചറേഴ്സ് അസോസിയേഷൻ ട്രഷററും വ്യവസായിയും ചെറുവണ്ണൂരിലെ വെസ്റ്റ്കോസ്റ്റ് ടൈൽ കമ്പനി മുൻ എം.ഡിയുമായ ഉള്ളാട്ടുതൊടി രാജ്കുമാറിൻെറ നിര്യാണത്തിൽ അസോസിയേഷൻ അനുശോചിച്ചു. എം.എ. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. എം.ജി. ഗോപിനാഥ്, എൻ.സി. അബ്ദുല്ലക്കോയ, എം.എ. മുഹമ്മദ് റജായ്, പി.എം.എ. ഗഫൂർ, പി.കെ. അബ്ദുല്ലക്കോയ, മനോജ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.