മാഹിയിലെ കോവിഡ് മരണം: പുതുച്ചേരിയിലും കേരളത്തിലും രേഖകളിലില്ലെന്ന് ബന്ധുക്കൾ

മാഹി: കോവിഡ് ബാധിച്ച് മാഹി ചെറുകല്ലായിയിലെ കുന്നുംപുറത്ത് അൽ മനാറിൽ പി.മെഹറൂഫ് (72) മരിച്ചതിൻെറ രേഖകൾ പുതുച്ചേരി സംസ്ഥാനത്തോ കേരളത്തിലോ ഇല്ലെന്ന് ബന്ധുക്കൾ പരാതിപ്പെട്ടു. ഇക്കാര്യത്തിൽ മാഹിയിലെയും കേരളത്തിലെയും അധികൃതർ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്നാണ് ആരോപണം. ഏപ്രിൽ 11നാണ് മെഹറൂഫ് മരിച്ചത്. തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഏപ്രിൽ ഒന്നിന് ഹൃദ്രോഗ ചികിത്സക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഏപ്രിൽ ആറിനാണ് മെഹറൂഫിന് കോവിഡ് രോഗബാധയുണ്ടെന്ന് സ്വകാര്യ ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചത്. അപ്പോൾ മെഹറൂഫ് ഗുരുതരാവസ്ഥയിൽ വൻെറിലേറ്ററിലായിരുന്നു. തുടർന്ന് ഏഴിന് കണ്ണൂർ ജില്ല ആരോഗ്യ വകുപ്പും ജില്ല ഭരണകൂടവും ചേർന്ന് മെഹറൂഫിനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റ് പല രോഗങ്ങളുമുണ്ടായിരുന്ന രോഗിയെ രക്ഷിക്കാനായില്ല. 11ന് രാവിലെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മെഹറൂവിൻെറ മരണം. ചികിത്സ നടന്നതും മരിച്ചതും ഖബറടക്കവുമെല്ലാം കണ്ണൂർ ജില്ലയിലാണ്. ഇതുസംബന്ധിച്ച കേന്ദ്ര സർക്കാർ നിയമമനുസരിച്ച് എവിടെ നിന്നാണോ വ്യക്തി മരിച്ചത് ആ സംസ്ഥാനത്തിൻെറ കണക്കിലാണ് വരുക എന്നതാണ് കോവിഡ് സംബന്ധിച്ച പ്രോട്ടോകോൾ എന്നാണ് മാഹി അഡ്മിനിസ്ട്രേറ്റർ വിശദീകരിക്കുന്നത്. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് രജിസ്റ്റർ ചെയ്യേണ്ട കേരളത്തിലും ഈ മരണം ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. മരണം നടന്ന് മൂന്നാഴ്ച കഴിഞ്ഞിട്ടും രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കുകയാണ്. സാധാരണ നിലയിൽ കേരളത്തിൽ ജനനവും മരണവും നടന്നാൽ നിശ്ചിത ദിവസത്തിനകം അതത് തദ്ദേശ സ്ഥപനത്തിൽ രജിസ്റ്റർ ചെയ്യണം. അല്ലെങ്കിൽ ശിക്ഷാ നടപടികൾ നേരിടേണ്ടി വരും. ഇതുസംബന്ധിച്ച് രണ്ടുതവണ ബന്ധുക്കൾ മാഹി അഡ്മിനിസ്ട്രേറ്റർക്ക് കത്ത് നൽകിയെങ്കിലും മറുപടി ലഭിച്ചില്ല. നാലുദിവസം മുമ്പ് കേരള മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. കണ്ണൂർ ജില്ല കലക്ടർ, എ.ഡി.എം, തലശ്ശേരി എം.എൽ.എ തുടങ്ങി ഒട്ടേറെ അധികൃതരുമായും ബന്ധുക്കൾ ഇക്കാര്യം സംസാരിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. ജില്ല ഭരണകൂടത്തിന് ഒന്നും ചെയ്യാനില്ലെന്നും സർക്കാറാണ് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കേണ്ടതെന്നുമാണ് കലക്ടറുടെ മറുപടിയെന്ന് ബന്ധുക്കൾ പറഞ്ഞു. ഇക്കാര്യത്തിലുള്ള അനിശ്ചിതത്വം നീക്കി മരണം എവിടെയെങ്കിലും ഉടൻ രേഖപ്പെടുത്താൻ നടപടി ഉണ്ടായില്ലെങ്കിൽ നിമയ നടപടികളുമായി മുന്നോട്ടുപോകാനാണ് ബന്ധുക്കളുടെ തീരുമാനം. സാങ്കേതികത്വം കാരണം, കോവിഡ് ബാധിച്ച് മരിച്ചയാളുടെ കുടുംബത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കാതാവുമോ എന്ന ആശങ്കയുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.