നാദാപുരം: ഇടിമിന്നലോട് കൂടിയുണ്ടായ കനത്ത കാറ്റിൽ വീടിനും കൃഷിക്കും നാശനഷ്ടം. ചെക്യാട് പഞ്ചായത്ത് കല്ലുമ്മൽ പത്താം വാർഡിലെ ചെറിയ നമ്പോടച്ചാണ്ടി സിദ്ദീഖിൻെറ 165 കുലച്ച നേന്ത്രവാഴ കാറ്റിൽ നശിച്ചു. ഇരിങ്ങണ്ണൂരിലെ മീത്തലെ വീട്ടിൽ ലക്ഷ്മി കുട്ടിയമ്മയുടെ വീടിനാണ് ഇടിമിന്നലിൽ വൻ നാശനഷ്ടം സംഭവിച്ചത്. ഭാഗ്യത്തിനാണ് ആളപായം ഒഴിവായത്. വീട്ടിലെ ടി.വി, ഇസ്തിരിപ്പെട്ടി, മിക്സി എന്നിവയും വയറിങ്ങും കത്തിനശിച്ചു. ചുവരിന് വിള്ളൽ വീണിട്ടുമുണ്ട്. വൈകുന്നേരമുണ്ടാവുന്ന ഇടിമിന്നലിന് ശേഷം മേഖലയിൽ വൈദ്യുതി മുടങ്ങുന്നത് പതിവായിട്ടുണ്ട്. വളയം - ഭൂമിവാതുക്കൽ റോഡിൽ പള്ളിമുക്കിൽ മരം മുറിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു, നാട്ടുകാർ മരം മുറിച്ച് മാറ്റിയാണ് റോഡിൽ കുടുങ്ങിയ ആംബുലൻസിന് വഴിയൊരുക്കിയത്. ദേശീയപാതയിൽ മരം ബൈക്കിനു മുകളിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക് പയ്യോളി: ദേശീയപാതയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിനു മുൻവശം മരം ബൈക്കിനു മുകളിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് ശക്തമായ കാറ്റിൽ സ്കൂളിന് മുന്നിലെ കാറ്റാടി മരം കടപുഴകി വീണത്. വടകര കണ്ണൂക്കര പിലാക്കണ്ടി അശോകൻെറ മകൻ പി.കെ. നിധീഷിനാണ് (36) അപകടത്തിൽ ഗുരുതര പരിക്കേറ്റത്. ഇദ്ദേഹത്തെ കോഴിക്കോട് ജില്ല സഹകരണ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഒഞ്ചിയം സർവിസ് സഹകരണ ബാങ്ക് ജീവനക്കാരനായ നിധീഷ് കൊയിലാണ്ടി മുചുകുന്നിലെ ഭാര്യ വീട്ടിൽനിന്ന് കണ്ണൂക്കരയിലെ സ്വന്തം വീട്ടിലേക്ക് പോവുന്നതിനിടയിലായിരുന്നു അപകടം. സംഭവസമയത്ത് മറ്റൊരു ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന വടകര കൺട്രോൾ റൂമിലെ പൊലീസ് ഉദ്യോഗസ്ഥൻ അഭിലാഷിനും മരച്ചില്ലകൾ ശരീരത്തിൽ പതിച്ച് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തിൻെറ പരിക്ക് സാരമുള്ളതല്ല. വടകരയിൽനിന്ന് ഫയർഫോഴ്സ് എത്തിയാണ് മരം മുറിച്ചുമാറ്റിയത്. സംഭവത്തെത്തുടർന്ന് ദേശീയപാതയിൽ അൽപനേരം ഗതാഗതതടസ്സമുണ്ടായി. പടം: wed payyoli 231 ദേശീയപാതയിൽ പയ്യോളി ഗവ. ഹയർ സെക്കൻഡറി സ്കൂളിനു മുന്നിൽ കടപുഴകി വീണ മരം മുറിച്ചുമാറ്റിയ നിലയിൽ ഇളവിൽ കറങ്ങിയ 45 ബൈക്കുകൾ കസ്റ്റഡിയിൽ നാദാപുരം: ലോക്ഡൗണിൽ ലഭിച്ച ഇളവിൽ ടൗണിൽ കറങ്ങിയ 45 ബൈക്കുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓറഞ്ച് സോണിൽ ലഭിച്ച ചെറിയ ഇളവിൽ കല്ലാച്ചി, നാദാപുരം ടൗണുകളിൽ സാമാന്യം നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ഇതിനിടെയാണ് മതിയായ കാരണമില്ലാതെ കറങ്ങിയവരെ പൊലീസ് പിടികൂടിയത്. രണ്ട് പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മാസ്ക് ധരിക്കാതെ റോഡിലിറങ്ങിയ രണ്ട് പേർക്ക് പിഴ ചുമത്തി. മധ്യപ്രദേശിലേക്ക് മേഖലയിൽ നിന്ന് 13 അന്തർസംസ്ഥാന തൊഴിലാളികൾ യാത്രയായി. നാദാപുരം 7, തൂണേരി 3, പുറമേരി 3 എന്നിങ്ങനെയാണ് നാട്ടിൽ പോയവരുടെ എണ്ണം. വളയം പൊലീസ് സ്റ്റേഷൻ പരിധിയിൽ മധ്യപ്രദേശിൽ നിന്നുള്ള ആരും രജിസ്റ്റർ ചെയ്തിട്ടില്ല. - - - - റോഡുകളുടെ പുനരുദ്ധാരണത്തിന് ആറര കോടി നാദാപുരം: മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിൽ കഴിഞ്ഞ പ്രളയകാലത്ത് തകർന്ന ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ ഫണ്ടിൽ നിന്നു 6.5 കോടി രൂപ അനുവദിച്ചു. പദ്ധതിയുടെ മേൽനോട്ടത്തിനായി പഞ്ചായത്ത് തലത്തിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ജനകീയ സമിതിയും സാങ്കേതിക കാര്യങ്ങൾക്ക് വിരമിച്ച എൻജിനീയർമാരുടെ സമിതിയും രൂപവത്കരിക്കും. ഫണ്ട് അനുവദിക്കേണ്ട റോഡുകളുടെ വിവരം എം.എൽ.എ കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയാറാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഇ.കെ. വിജയൻ എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.