ഗുണനിലവാരം കുറഞ്ഞ ഹെൽമറ്റ്​ വിൽപനക്കെതിരെ മോ​േട്ടാർ വാഹന വകുപ്പ്​ പരിശോധന

കക്കോടി: റോഡരികിൽ ഗുണനിലവാരം കുറഞ്ഞ ഹെൽമറ്റ് വിൽപനക്കെതിരെ മോേട്ടാർ വാഹന വകുപ്പ് പരിശോധന തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൻെറ വിവിധഭാഗങ്ങളിലാണ് വിലകുറഞ്ഞതും ഗുണമേന്മ ഉറപ്പുവരുത്താത്തതുമായ ഹെൽമറ്റ് വിൽപനക്കെതിരെ മോേട്ടാർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. നിലവാരമില്ലാത്ത അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച് വിൽപനക്കെത്തിച്ച ഹെൽമറ്റുകൾ ഉദ്യോഗസ്ഥർ കൈകൊണ്ട് ഒടിച്ചു കാണിച്ചു നൽകുകയായിരുന്നു. ചെറിയ വീഴ്ചയിൽപോലും ഇവ തകരുന്നതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെടുത്താൻ ഇത്തരം രക്ഷാകവചങ്ങൾക്ക് കഴിയില്ലെന്ന് ആർ.ടി.ഒ സുഭാഷ് ബാബു പറഞ്ഞു. ഹെൽമറ്റുകൾ പിടിച്ചെടുക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും എന്നാൽ ഗുണനിലവാരമില്ലായ്മ ബോധ്യപ്പെടുത്തുകയും ഹെൽമറ്റുകൾ വിൽപന നടത്തരുെതന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടർന്നും ഗുണനിലവാരമില്ലാത്തവ വിൽപന നടത്തിയാൽ സാധ്യമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും കടകളിൽ ഉൾപ്പെടെ പരിശോധന നടത്താൻ നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 250 രൂപക്കുപോലും മേന്മയില്ലാത്ത ഹെൽമറ്റുകൾ റോഡരുകിൽ വിൽപനക്കെത്തുകയാണ്. പലരുടെയും അജ്ഞതയാണ് വിൽപനക്കാർ ചൂഷണം ചെയ്യുന്നത്. പൊലീസിന് വിവിധ വകുപ്പുകൾ ചേർത്ത് നടപടി സ്വീകരിക്കാമെന്നും വാഹന വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഹെൽമറ്റില്ലാതെ ഇരുചക്ര വാഹനങ്ങൾ ഓടിച്ച് അപകടത്തിൽപ്പെട്ട് മരിക്കുന്നവരുടെ എണ്ണം കേരളത്തിൽ രണ്ടുവർഷംകൊണ്ട് കൂടിയിട്ടുണ്ടെന്നാണ് സംസ്ഥാന റോഡ് സുരക്ഷ അതോറിറ്റിയുടെ റിപ്പോർട്ട്. 2019ൽ 860 പേർ ഹെൽമറ്റ് ധരിക്കാതെയുള്ള അപകടങ്ങളിൽ മരിക്കുകയും 5353 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഹെൽമറ്റ് ധരിക്കുന്നതുമൂലം തലക്കുണ്ടാകുന്ന അപകടത്തിൻെറ തീവ്രത 60 ശതമാനംവരെ കുറക്കാനാകുമെന്ന് ശാസ്ത്രീയ പഠനങ്ങൾ പറയുന്നുണ്ടെന്നും കട്ടികൂടിയ ഹെൽമറ്റിൻെറ പുറംഭാഗം ഇടിയുടെ ആഘാതം മൂലം തലക്ക് വരുത്തുന്ന പരിക്ക് കുറക്കുമെന്നും സുഭാഷ് ബാബു പറഞ്ഞു. കട്ടിയുള്ള പുറന്തോടുമൂലം വീഴ്ചയിൽ വസ്തുക്കൾ തലയിൽ തുളച്ചുകയറുന്നതും തടയുമെന്നും താൽക്കാലിക സാമ്പത്തിക ലാഭത്തിൻെറ പേരിൽ ഗുണംകുറഞ്ഞത് വാങ്ങി സ്വയം വഞ്ചിതരാകരുതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് ഇതു സംബന്ധിച്ച് ബോധവത്കരണ പരിപാടി നടത്താനുള്ള ഒരുക്കത്തിലാണ് വാഹനവകുപ്പ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.