ചേമഞ്ചേരി: ഗ്രാമപഞ്ചായത്തിൽ വരുന്നവർക്കുള്ള ചായ 'സൽക്കാരം'തുടരുന്നു. ചായ, കാപ്പി, ഇതു വേണ്ടാത്തവർക്ക് ചൂടു വെള്ളവും തണുത്ത വെള്ളവും. ഒപ്പം ബിസ്കറ്റ്, കേക്ക്, ഉണ്ണിയപ്പം ഇവയിൽ ഏതെങ്കിലും ഒന്നും ഉണ്ടാവും. ഗ്രാമപഞ്ചായത്ത് ഓഫിസിൽ വിവിധ ആവശ്യങ്ങൾക്കായി വരുന്നവർക്ക് ജനപ്രതിനിധികളും പഞ്ചായത്ത് ജീവനക്കാരുമാണ് ചായ സൽക്കാരം ഒരുക്കുന്നത്. സ്വന്തം കൈയിൽ നിന്നാണ് തുക കണ്ടെത്തുന്നത്. ഡിസംബർ ഒന്ന് മുതലാണ് പഞ്ചായത്ത് ഓഫിസിൽ ചായ സൽക്കാരം തുടങ്ങിയത്. ഇതേ കുറിച്ചറിഞ്ഞ തിരുവങ്ങൂരിലെ കേരള ഫീഡ്സ് കമ്പനി ചായയും കാപ്പിയും ഉണ്ടാക്കുന്ന മെഷീൻ സ്പോൺസർ ചെയ്തു. കമ്പനിയുടെ തിരുവങ്ങൂരിലെ അസി. പ്രൊഡക്ഷൻ മാനേജർ സുജിത്ത്, യൂനിറ്റ് ഹെഡ് ബിജു ആനന്ദ് എന്നിവരിൽ നിന്ന് ചായ നിർമാണ മെഷീൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അശോകൻ കോട്ടും സെക്രട്ടറി ജയരാജും ഏറ്റുവാങ്ങി. പഞ്ചായത്ത് ഫ്രണ്ട് ഓഫിസിൽ ടി.വി, പത്രങ്ങൾ, മാസികകൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. മനോഹരമായ ഒരു ഉദ്യാനവും ഈ ഓഫിസ് മുറ്റത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.