''തൂ ഹിന്ദു ബനേഗാ, ന മുസൽമാൻ ബനേഗാ...'' റഫി നൈറ്റ് തരംഗമായി

കോഴിക്കോട്: കടലിൻെറ ശാന്തതയിൽ പെയ്തിറങ്ങിയ മധുരിക്കും ഗാനങ്ങൾ മനസ്സുകളിൽ മതസൗഹാർദത്തിൻെറയും സാഹോദര്യത്തിൻെറയും ഓർമകൾ പുതുക്കി. ധനുമാസക്കുളിരിൽ കോഴിക്കോട് കടപ്പുറത്തെത്തിയ ആയിരങ്ങളെ സാക്ഷിയാക്കി ഹമീദ് ഖാൻ തരീൻ പാടി....''തൂ ഹിന്ദു ബനേഗാ.... ന മുസൽമാൻ ബനേഗാ...'' ഒരുനിമിഷം സദസ്സ് ഒന്നടങ്കം ഗതകാല സ്മരണകളിലേക്കു പോയി. ഇന്ത്യവിഭജന കാലഘട്ടത്തിനുശേഷം മതമൈത്രി ലക്ഷ്യംെവച്ച് 1959ൽ പുറത്തിറങ്ങിയ 'ധൂൽ കാ ഫൂൽ' എന്ന ചിത്രത്തിലെ, സമകാലീന സംഭവങ്ങളെ ഓർമിപ്പിച്ചാണ് സദസ്സിനെ കലാവിരുന്നിലേക്ക് കൊണ്ടുവന്നത്. റഫി ഫൗണ്ടേഷൻെറ ആഭിമുഖ്യത്തിൽ റഫിയുടെ 95ാമത് ജന്മദിനത്തോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച റാഫി നൈറ്റിലാണ് ഹമീദ് ഖാൻ തരംഗമായത്. ഡെപ്യൂട്ടി കമീഷണർ എ.കെ. ജമാലുദ്ദീൻ ഉദ്ഘാടനം ചെയ്തു. റഫി ഫൗണ്ടേഷൻ പ്രസിഡൻറ് ടി.പി.എം. ഹാഷിർ അലി അധ്യക്ഷത വഹിച്ചു. പോർട്ട് ഓഫിസർ അശ്വനി പ്രതാപ് മുഖ്യാതിഥിയായി. കോസ്മോ മിസ് വേൾഡ് സാന്ധ്ര സോമൻ ഉപഹാരം നൽകി. വൈസ് പ്രസിഡൻറ് കെ. സുബൈർ, ജനറൽ സെക്രട്ടറി കെ. ശാന്തകുമാർ, ട്രഷറർ ഷംസു മുണ്ടോളി, ജോ. സെക്രട്ടറി എ.പി. മുഹമ്മദ് റഫി, എൻ.സി. അബ്ദുല്ലക്കോയ, പി. പ്രകാശ് എന്നിവർ സംസാരിച്ചു. റഫി നൈറ്റിൽ ഗായകരായ റിയാസ്, ഫിറോസ് ഹിബ, കീർത്തന, ഗോപിക മേനോൻ, ആതിര റജിലേഷ് എന്നിവരും റഫി ഗാനങ്ങൾ പാടി. തലശ്ശേരി ബച്ചൻ അഷ്റഫ് നൃത്തച്ചുവടുകൾ അവതരിപ്പിച്ചത് സദസ്സിന് വേറിട്ട അനുഭവമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.