ഫാർമസിസ്​റ്റുകളുടെ ആരോഗ്യ ഔഷധ സംരക്ഷണ യാത്ര 31ന്​

കോഴിക്കോട്: കേരളത്തിലെ സർക്കാറിതര മേഖലയിൽ പ്രവർത്തിക്കുന്ന ഫാർമസിസ്റ്റുകൾ നേരിടുന്ന പ്രശ്നങ്ങളും ഔഷധ മേഖലയിലെ വിവിധ വിഷയങ്ങളും ഉന്നയിച്ച് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ ആരോഗ്യ ഔഷധ സംരക്ഷണ യാത്ര സംഘടിപ്പിക്കുന്നു. ഒക്ടോബർ 31ന് കാസർകോട് നിന്ന് ആരംഭിക്കുന്ന യാത്ര നവംബർ ആറിന് രാജ്ഭവൻ മാർച്ചോടുകൂടി അവസാനിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യും. ഔഷധമേഖലക്ക് മാത്രമായി മന്ത്രാലയം രൂപവത്കരിക്കുക, ആർദ്രം പദ്ധതിയിൽ ഫാർമിസ്റ്റുകളുടെ പ്രാതിനിധ്യം ഉറപ്പാക്കുക, ക്ലിനിക്കൽ ഫാർമസിസ്റ്റ് തസ്തികകൾ സൃഷ്ടിക്കുക, ഡ്രഗ് ലൈസൻസ് ഫാർമസിസ്റ്റുകൾക്ക് മാത്രമായി നിജപ്പെടുത്തുക, മരുന്നുകൾക്ക് വർഷാവർഷം നിശ്ചിത ശതമാനം വില വർധിപ്പിക്കാൻ കമ്പനികൾക്ക് നൽകിയ അനുമതി പിൻവലിക്കുക, വ്യാജ ഫാർമസി കോഴ്സ് നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങി 13 ആവശ്യങ്ങൾ ഉന്നയിച്ചാണ് സംഘടന പ്രചാരണ പ്രക്ഷോഭ പരിപാടികൾക്ക് ഒരുങ്ങുന്നത്. കെ.പി.പി.എ സംസ്ഥാന പ്രസിഡൻറ് പ്രാക്കുളം സുരേഷ് നയിക്കുന്ന യാത്രയിൽ 'മറ്റൊന്നും തോന്നരുത്, ഞങ്ങൾ പറഞ്ഞോട്ടെ' എന്ന കലാജാഥയും ഉണ്ടാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.