കുറ്റ്യാടി: ബുധനാഴ്ച വൈകീട്ട് പെയ്ത കനത്ത മഴയിൽ കുറ്റ്യാടി ടൗണിൽ റോഡും കടകളും വെള്ളത്തിലായി. വയനാട് റോഡിലും യ തീംഖാന റോഡിലുമാണ് വെള്ളം കയറിയത്. യതീംഖാന ഓഫിസിലും ചില കടകൾക്കുള്ളിലും വടകര റോഡിലെ ചില കടകളിലും വെള്ളമെത്തി. ഉയർന്ന പ്രദേശങ്ങളിൽനിന്ന് വയനാട് റോഡിലേക്ക് കുത്തിയൊലിച്ചെത്തുന്ന വെള്ളത്തിൻെറ തോത് ഓവുചാലുകൾക്ക് ഉൾക്കൊള്ളാനാവുന്നതിലും കനത്തതാണ്. ഗ്രാമപഞ്ചായത്ത് വർഷാവർഷം ഓവുകൾ വൃത്തിയാക്കാറുമില്ല. മിക്കവയും മാലിന്യം നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ട് കിടപ്പായിരുന്നു. വയനാട് റോഡിലെ വെള്ളം എം.ഐ.യു.പി സ്കൂൾ ഗ്രൗണ്ടിലെ ചെറിയ ഓവിലൂടെ യതീംഖാന റോഡിലെത്തുമ്പോഴേക്കും കരകവിഞ്ഞ് കടകളിൽ കയറും. മുമ്പ് രണ്ടുതവണ വെള്ളം കയറി സാധനസാമഗ്രികൾ നശിച്ചതിനാൽ അധികപേരും മുൻകരുതൽ നടപടികളെടുത്തതിനാൽ ഇത്തവണ നഷ്ടം കുറവാണ്. വെള്ളം കയറിയ റോഡിലൂടെ വാഹനങ്ങൾ പോയപ്പോൾ ഉണ്ടായ ഓളങ്ങൾ കാരണം വയനാട് റോഡിലെ കടകളിലും വെള്ളം കയറി. മഴക്കൊപ്പം കനത്ത ഇടിമിന്നലുണ്ടായെങ്കിലും ആളപായമില്ല. എന്നാൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഇക്കഴിഞ്ഞ പ്രളയനാളിൽ ടൗണിലെ മരുതോങ്കര റോഡിൽ വെള്ളം കയറിയിരുന്നു. എന്നാൽ, വയനാട് റോഡിലും, യതീംഖാന റോഡിലും വെള്ളം കയറിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.