നവീകരിച്ച റോഡ് വീണ്ടും കുത്തിപ്പൊളിച്ച് വാട്ടർ അതോറിറ്റി

ഫറോക്ക്: മാസങ്ങൾക്കുമുമ്പ് ആധുനിക രീതിയിൽ ലക്ഷങ്ങൾ െചലവഴിച്ച് ദേശീയപാത നിലവാരത്തിൽ നവീകരിച്ച മോഡേൺ ബസാർ-കൊളത്തറ റോഡ് വീണ്ടും വെട്ടിപ്പൊളിച്ച് വാട്ടർ അതോറിറ്റി. കൊളത്തറ കവലയിലെ ആത്മവിദ്യാസംഘം സ്കൂളിന് സമീപത്തായാണ് കഴിഞ്ഞ ദിവസം വീണ്ടും റോഡ് വെട്ടിപ്പൊളിച്ച് കുഴിയെടുത്തത്. കഴിഞ്ഞ ജനുവരിയിൽ പൊതുമരാമത്ത്‌ വകുപ്പ്‌ ഫണ്ടില്‍ 242.90 ലക്ഷം രൂപ ചെലവിട്ടാണ്‌ കൊളത്തറ റോഡ് ബി.എം.ബി.സി സാങ്കേതിക വിദ്യയില്‍ പുനരുദ്ധീകരിച്ചത്. 2.3 കിലോമീറ്റര്‍ പാത കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തത്. പഴയ റോഡിൻെറ ഉപരിതലം പൂര്‍ണമായും പൊളിച്ചുനീക്കി. ബീറ്റുമിന്‍ കോണ്‍ക്രീറ്റ്‌ പ്രതലം ഒരുക്കിയാണ് നവീകരണം പൂർത്തിയാക്കിയിരുന്നത്. ജപ്പാൻ കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മാസങ്ങളോളം സമയമെടുത്തത് അന്ന് റോഡ് പ്രവൃത്തിക്കുപോലും തടസ്സമായി നിന്നിരുന്നു. റോഡ് നവീകരണം തുടങ്ങിയത് ഭൂഗർഭ പൈപ്പ് ലൈനിലെ പ്രശ്നങ്ങൾ പൂർണമായും പരിഹരിച്ചശേഷമാണെന്നിരിക്കെ ഇതേ റോഡ് വീണ്ടും കുത്തിപ്പൊളിച്ചത് പ്രതിഷേധമുയർത്തിയിട്ടുണ്ട്. കൊളത്തറ, റഹ്മാൻ ബസാർ, മദ്രസങ്ങാടി, നല്ലളം കുന്നുമ്മൽ തുടങ്ങിയ മേഖലയിൽനിന്ന് ദേശീയപാതയിലെത്താൻ ആയിരക്കണക്കിന് യാത്രക്കാരുടെ ഏക ആശ്രയമാണ് മോഡേൺ-കൊളത്തറ റോഡ്. പരിസരപ്രദേശത്ത് ജപ്പാൻ പൈപ്പ് ലൈനിൽ നിലവിൽ ഒരിടത്തുപോലും ചോർച്ചയില്ലാത്ത അവസ്ഥ നിലനിൽക്കെയാണ് നാലടിയോളം താഴ്ചയിൽ വീണ്ടും റോഡ് വെട്ടിപ്പൊളിച്ചത്. നല്ല റോഡ് വീണ്ടും വെട്ടിപ്പൊളിച്ച് കുഴിയെടുക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാരിൽ ചിലർ ചോദ്യം ചെയ്തെങ്കിലും പൈപ്പ് ലൈനിലെ ജങ്ഷൻ തിരിച്ചറിയാനായാണ് റോഡ് വെട്ടിപ്പൊളിച്ചതെന്നാണ് ബന്ധപ്പെട്ടവരുടെ മറുപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.