ഈ മനുഷ്യർക്ക്​ ജീവിതപ്പാച്ചിലും ഉ​ത്രാടപ്പട്ടിണി​യും

കോഴിക്കോട്: നഗരം ഓണത്തിരക്കിൽ അലിയുേമ്പാൾ മാനാഞ്ചിറ ബി.എസ്.എൻ.എൽ ജനറൽ മാനേജറുടെ ഓഫിസിന് മുന്നിലെ സമരപ്പന്തലിൽ ഉത്രാടദിനത്തിൽ അതിജീവനത്തിനായുള്ള സമരമുഖത്തായിരുന്നു ഒരുകൂട്ടം മനുഷ്യർ. ഏഴുമാസമായി ശമ്പളം കിട്ടാത്ത ബി.എസ്.എൻ.എൽ കരാർ തൊഴിലാളികളുടെ സമരത്തിൻെറ 72ാം നാളായിരുന്നു ചൊവ്വാഴ്ച. മാനുഷരെല്ലാം ഉത്രാടപ്പാച്ചിലിലായ സമയത്ത് 'ഉത്രാടപ്പട്ടിണി'യിലായിരുന്നു സ്ത്രീകളടക്കമുള്ള സമരസംഘം. രാവിലെ പത്ത് മുതൽ വൈകീട്ട് നാലുവരെയായിരുന്നു പട്ടിണിസമരം. ബി.എസ്.എൻ.എൽ കാഷ്വൽ കോൺട്രാക്ട് ലേബേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ആണ് സംസ്ഥാന വ്യാപക സമരത്തിൻെറ ഭാഗമായി ജനറൽ മാനേജറുടെ ഓഫിസിനു മുന്നിൽ പന്തൽകെട്ടി സമരം നടത്തുന്നത്. കോഴിക്കോട്, വയനാട് ജില്ലകളുൾപ്പെടുന്ന കോഴിക്കോട് എസ്.എസ്.എയിൽ 750ലേറെ കരാർ തൊഴിലാളികളാണുള്ളത്. ഇവരിൽ പലരും പിരിച്ചുവിടൽ ഭീഷണിയിലാണ്. സംസ്ഥാനത്ത് നേരത്തേ 8000ത്തോളം കരാർ തൊഴിലാളികളുണ്ടായിരുന്നു. നിലവിൽ ആറായിരത്തിലും കുറവാണ് കരാർ തൊഴിലാളികളുെട എണ്ണം. അറ്റൻഡർമാരെ പലരെയും പിരിച്ചുവിട്ടു. ഓഫിസിലും സിവിൽ വിങ്ങിലും ജോലി ചെയ്തവർക്ക് ശമ്പള കുടിശ്ശിക എന്ന് ലഭിക്കുമെന്ന് വ്യക്തതയില്ല. ജൂലൈ അവസാനം ശുചീകരണ തൊഴിലാളികളുെടയും സെപ്റ്റംബർ ആദ്യം ഓഫിസ് ജോലിക്കാരുടെയും കരാർ അവസാനിച്ചെങ്കിലും പുതുക്കിയിട്ടില്ല. 25 വർഷത്തിലേറെ കാലം ജോലി ചെയ്തവരും ഏഴു മാസമായി ശമ്പളത്തിനായി കാത്തിരിക്കുകയാണ്. വേതനം കിട്ടാത്ത വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ജൂലൈയിൽ കേന്ദ്ര വാർത്തവിനിമയ-ഐ.ടി മന്ത്രി രവിശങ്കർ പ്രസാദിന് കത്തയച്ചിരുന്നു. കരാർ തൊഴിലാളികളെ പിരിച്ചുവിടാനുള്ള നീക്കത്തിൽ നിന്ന് പിന്തിരിയണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കേന്ദ്രസർക്കാർ ഇക്കാര്യങ്ങളൊന്നും ചെവിക്കൊള്ളുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു. 'ഉത്രാടപ്പട്ടിണി' സമരത്തിനുശേഷം സമരത്തിന് കുറച്ചുദിവസം താൽക്കാലിക അവധി നൽകിയിരിക്കുകയാണ് ഇവർ. ഓഫിസ് അവധിയും മറ്റും കാരണം ഇനി ഈ മാസം 16നാകും സമരം പുനരാരംഭിക്കുക. രാവിലെ നടന്ന സമരത്തിൽ സി.ഐ.ടി.യു ജില്ല സെക്രട്ടറി സി.പി. സുലൈമാൻ, ട്രഷറർ ടി. ദാസൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.