ബാലുശ്ശേരി: എരമംഗലം ജെ.പി ക്രഷറിൽനിന്നും 18.5 ലക്ഷം രൂപ കവർച്ച നടത്തി ഒളിവിൽപോയ പ്രതി ശ്രീകണ്ഠാപുരം ചാലങ്ങാടൻ പട പ്പിൽ ശരത്ചന്ദ്രനെ (31) ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞമാസം 25ന് പുലർച്ചയോടെയാണ് ക്രഷർ യൂനിറ്റ് ഓഫിസിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന പണം കളവുപോയത്. കളവുനടത്തിയ ആളുടെ മുഖംമൂടി ധരിച്ച നിലയിലുള്ള അവ്യക്ത രൂപം സി.സി.ടി.വി കാമറയിൽ പതിഞ്ഞിരുന്നു. ലോക്കറിൻെറ പൂട്ട് പൊളിക്കാതെ തുറന്നാണ് കളവുനടത്തിയത്. കോഴിക്കോട്, കാസർകോട്, മംഗളൂരു തുടങ്ങിയ പ്രധാന സ്ഥലങ്ങളിലെ 200 ഓളം സി.സി.ടി.വി കാമറകൾ പരിശോധിച്ചും സ്ഥാപനത്തിലെ ജീവനക്കാരെയും മുൻ ജീവനക്കാരെയും കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് ക്രഷർ യൂനിറ്റിലെ മുൻ ജീവനക്കാരനായ ശരത്ചന്ദ്രനാണ് കളവ് നടത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. എട്ടു വർഷത്തോളം ക്രഷറിൽ ജോലി ചെയ്ത ശരത്ചന്ദ്രനെ സാമ്പത്തിക തട്ടിപ്പ് നടത്തിയതിൻെറ പേരിൽ കഴിഞ്ഞ വർഷം ജോലിയിൽനിന്നും പിരിച്ചുവിട്ടിരുന്നു. അന്വേഷണം ഭയന്ന് നാട്ടിൽനിന്നും മുങ്ങിയ പ്രതി കേരളത്തിലും കർണാടകത്തിലുമായി മാറിമാറി കഴിയുകയായിരുന്നു. വിവിധ സ്ഥലങ്ങളിലെ ലോഡ്ജുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. കാസർകോട് ചെറുവത്തൂരിലുള്ള ഒരു ബാറിൻെറ അടുത്തുവെച്ച് പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് കീഴ്പ്പെടുത്തുകയായിരുന്നു. മോഷണംപോയ 18 ലക്ഷം രൂപയും പ്രതി കൃത്യത്തിന് ഉപയോഗിച്ച മുഖംമൂടിയും ഓവർ കോട്ടും മറ്റും ലോഡ്ജ് മുറിയിൽനിന്നും പൊലീസ് കണ്ടെടുത്തു. കൃത്യമായ ആസൂത്രണത്തോടെ തെളിവുകൾ അവശേഷിപ്പിക്കാതെ നടത്തിയ കുറ്റകൃത്യം ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിലാണ് പൊലീസ് തെളിയിച്ചത്. കോഴിക്കോട് റൂറൽ എസ്.പി കെ.ജി. സൈമൺ, താമരശ്ശേരി ഡിവൈ.എസ്.പി അബ്ദുൽ ഖാദർ എന്നിവരുടെ മേൽനോട്ടത്തിൽ ബാലുശ്ശേരി എസ്.ഐ എ. സായൂജ് കുമാർ, എ.എസ്.ഐ രാജീവ് ബാബു, എസ്.സി.പി.ഒമാരായ ഷിബിൽ ജോസഫ്, കെ.കെ. ഗിരീഷ്, അഷ്റഫ്, കെ. ഗിരീഷ് കുമാർ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘത്തിൻെറ പഴുതടച്ചുള്ള അന്വേഷണമാണ് അറസ്റ്റിലേക്ക് നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.