പന്തീരാങ്കാവ്: പ്രളയം കയറിയിറങ്ങിയ മൺകുഴിയിൽ പുഴ മീനിനായി ഇട്ട വലയിൽ കുടുങ്ങിയ 'വിദേശി' നാട്ടുകാരെ അത്ഭുതപ്പെടുത്തി. പെരുമണ്ണ വെള്ളായിക്കോട് ഇട്ട്യേലിക്കുന്നുമ്മൽ ഷഫീഖും സഹോദരൻ യാസറുമാണ് കഴിഞ്ഞദിവസം കീഴ്പാടം വയലിലെ മൺകുഴിയിൽ വലയിട്ടത്. നാടൻ മീനിനൊപ്പം വലയിലകപ്പെട്ട നിറയെ വരയും വീതി കൂടിയ ചിറകുമുള്ള മത്സ്യത്തെ ഇരുവരും ബന്ധുവായ ഐ. കുഞ്ഞിമുഹമ്മദിനെ ഏൽപിച്ചു. കേരള അഗ്രികൾചർ സർവകലാശാലയിലെ അസി. പ്രഫസർ ഡോ. ഷനാസ് സുധീർ, കൊണ്ടോട്ടി ഇ.എം.ഇ.എ. കോളജിലെ ബയോടെക്നോളജി വിഭാഗം മേധാവി ഡോ.കെ. മഷ്ഹൂർ എന്നിവർ നടത്തിയ പരിശോധനയിലാണ് ഇഷ്ടൻ വിദേശിയാണെന്ന് തിരിച്ചറിഞ്ഞത്. ആമസോൺ സെയിൽഫിൻ ക്യാറ്റ്ഫിഷ് (സക്കർ ഫിഷ്) എന്ന് വിളിക്കുന്ന ഇവയുടെ ശാസ്ത്രീയ നാമം ടെറിഗോപ്ലിക്തിസ് പാർഡാലിസ് എന്നാണ്. ബ്രസീലിലെയും പെറുവിലെയും ആമസോൺ നദീതടമാണു ഇവയുടെ സ്വദേശം. പല രാജ്യങ്ങളിലേക്കും വിവിധ ആവശ്യങ്ങൾക്കായി ഇവയെ എത്തിച്ചിട്ടുണ്ട്. ഇന്ത്യയിൽ അലങ്കാര മത്സ്യമായി അേക്വറിയങ്ങളിൽ ഈ വർഗത്തിൽപെട്ട മത്സ്യങ്ങളെ ഉപയോഗിക്കാറുണ്ട്. പ്രളയത്തിനിടയിൽ ഏതെങ്കിലും അേക്വറിയത്തിൽനിന്നും പുഴയിലെത്തിയതാവും എന്നാണ് കരുതുന്നത്. ഇത്തരം മത്സ്യങ്ങൾ നമ്മുടെ നാട്ടിലെ പുഴകളിലും തോടുകളിലും എത്തുന്നത് പ്രാദേശിക ജല പരിസ്ഥിതി വ്യവസ്ഥക്കും ജൈവവൈവിധ്യത്തിനും ഭീഷണിയാവാൻ സാധ്യതയുണ്ടെന്ന് ഡോ. മഷ്ഹൂർ പറയുന്നു. ശുദ്ധജലത്തിലും നന്നായി നീന്തിത്തുടിക്കുന്ന മത്സ്യത്തെ പഠനത്തിനായി കൈമാറും. ഈ മത്സ്യവും മറ്റു രാജ്യങ്ങളിൽ കാണുന്ന ഇതേ വർഗത്തിൽപെട്ട മത്സ്യവും തമ്മിലുള്ള ജനിതക ബന്ധം കൊണ്ടോട്ടി ഇ.എം.ഇ.എ കോളജിലെ ബയോടെക്നോളജി ലാബിൽ പഠന വിധേയമാക്കുമെന്ന് ഡോ. മഷ്ഹൂർ പറഞ്ഞു. അസി. പ്രഫസർമാരായ റുബ ബദറുദ്ദീൻ, ഷില്ലി ദാസ്, സോമി സോമൻ എന്നിവരും ഗവേഷണ സംഘത്തിലെ അംഗങ്ങളായിരിക്കും. മുജീബ് പെരുമണ്ണ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.