ഗതാഗതക്കുരുക്കിൽ വലഞ്ഞ് യാത്രക്കാർ കൊടുവള്ളി: ദേശീയപാത 766ൽ കൊടുവള്ളി ടൗണിൽ ഗതാഗത കുരുക്കൊഴിയാതെ ദുരിതംപേറി വലയുകയാണ് യാത്രക്കാർ. ദിവസവും മണിക്കുറുകളോളമാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. 10 വർഷങ്ങൾക്കുമുമ്പ് നടപ്പാക്കിയ പരിഷ്കാരങ്ങളാണ് ഇന്നും തുടർന്ന് വരുന്നത്. ഇതിനിടക്ക് ടൗണിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചതല്ലാതെ ഗതാഗതക്കുരുക്കഴിക്കുന്നതിനാവശ്യമായ ശാശ്വത നടപടികളൊന്നും നഗരസഭയുടേയും പൊലീസിൻെറയും ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. നേരത്തെ ഉണ്ടാക്കിയ ട്രാഫിക് പരിഷ്കാരങ്ങളെല്ലാം നിലച്ചതോടെ വാഹനങ്ങൾ തോന്നിയ പോലെയാണ് കൊടുവള്ളി ടൗണിൽ നിർത്തിയിടുന്നത്. ദേശീയപാതയിൽ ടൗണിലെ ഇരുവശത്തും ചെറുതും വലുതുമായ വാഹനങ്ങൾ രാവിലെതന്നെ പാർക്ക് ചെയ്ത് ആളുകൾ പോകുന്നതിനാൽ റോഡിലൂടെ പോകുന്ന വാഹനങ്ങൾക്ക് അരികുചേർന്ന് പോകാൻപോലും കഴിയാത്ത അവസ്ഥയാണ്. ഇതോടെ ടൗണിൽ മണിക്കൂറുകളാണ് ഗതാഗതതടസ്സം അനുഭവപ്പെടുന്നത്. ഇതിന് പുറമെ ടൗണിൽ അശാസ്ത്രീയമായി അനുവദിക്കപ്പെട്ട ഓട്ടോ ടാക്സി വാഹന പാർക്കിങ്ങും ഗതാഗതതടസ്സത്തിന് വഴിവെക്കുന്നു. ദീർഘദൂര ബസുകൾ ഉൾപ്പെടെയുള്ളവ ബസ് സ്റ്റാൻഡിൽ കയറ്റി ആളെ ഇറക്കണമെന്നത് പാലിക്കപ്പെടുന്നില്ല. ദേശീയപാതയോരത്താണ് ദീർഘദൂര ബസുകൾ നിർത്തി ആളെ ഇറക്കുന്നത്. ടൗണിൽ ഗതാഗതം തടസ്സപ്പെടുമ്പോൾ വാനനങ്ങൾ വഴിതിരിച്ച് വിടാൻ കഴിയുന്ന സിറാജ് ബൈപ്പാസ് റോഡ് സ്വാകാര്യ വാഹനങ്ങളുടെ പാർക്കിങ് കേന്ദ്രമായി മാറി. ബസ് സ്റ്റാൻഡും സ്വകാര്യ വാഹനങ്ങൾ നിർത്തിയിടുന്ന കേന്ദ്രമായി മാറി. തുഷാരഗിരി കാപ്പാട് പാതയുടെ ഭാഗമായ മാർക്കറ്റ് റോഡിലും ഏറെനേരമാണ് ഗതാഗതതടസ്സം ഉണ്ടാവുന്നത്. പലഭാഗത്തും ഫൂട്പാത്ത് വരെ കൈയേറിയാണ് കച്ചവടങ്ങൾ നടത്തുന്നത്. റോഡിൻെറ ഇരുവശവും അനധികൃതമായി നിർത്തിയിട്ട് പോകുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചാൽ ടൗണിലെ ഗതാഗതക്കുരുക്കിന് ഏറെ പരിഹാരമുണ്ടാകുമെന്നാണ് ടൗണിലെ കച്ചവടക്കാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.