* ചാലിയാർ തീരദേശവാസികൾ ആശങ്കയിൽ മാവൂർ: പഞ്ചായത്ത് 15ാം വാർഡിൽ മണന്തലക്കടവ്-പൂളക്കോട് ഭാഗങ്ങളിലും പാലശ്ശേരിയി ലും തീരം വ്യാപകമായി പുഴയെടുക്കുന്നതുമൂലം നിരവധി വീടുകൾ അപകടഭീഷണിയിലായി. മണന്തലക്കടവ്-പൂളക്കോട് ഭാഗത്ത് ഒാരോ വെള്ളപ്പൊക്കത്തിലും തീരത്തിൻെറ നല്ലൊരു ഭാഗം പുഴയിലേക്ക് ഇടിയുകയാണ്. പലഭാഗത്തും അഞ്ചു മീറ്ററിലധികം വീതിയിൽ തീരം പുഴ കവർന്നിട്ടുണ്ട്. രണ്ടും മൂന്നും സൻെറ് ഭൂമി ഇത്തരത്തിൽ പലർക്കും നഷ്ടപ്പെട്ടിട്ടുണ്ട്. മരങ്ങളും കൃഷിയും പുഴയിലേക്ക് ഇടിയുന്നതും പതിവാണ്. ചില ഭാഗത്ത് വീടുകളും പുഴയും തമ്മിലുള്ള അകലം ഏതാനും അടികൾ മാത്രമായി ചുരുങ്ങി. ഇതുമൂലം ഏതുസമയത്തും വീടുൾപ്പെടെ പ്രദേശം പുഴയെടുക്കുമോയെന്ന ആശങ്കയിലാണ് കുടുംബങ്ങൾ. പൂളക്കോട് ഭാഗത്ത് സ്ഥാപിച്ച കെ.എസ്.ഇ.ബി മൈസൂർ ലൈൻ ടവർ ഉൾപ്പെടെ ഭീഷണിയിലാണ്. ഇക്കഴിഞ്ഞ രണ്ടു പ്രളയത്തിലും വ്യാപകമായി പുഴ തീരം ഇടിഞ്ഞു. ചാലിയാർ കരകവിഞ്ഞ് പറമ്പിലൂടെയാണ് ഇൗ രണ്ട് പ്രളയങ്ങളിലും ജലം കുത്തിയൊഴുകിയത്. മണന്തലക്കടവ് മുതൽ പൂളക്കോടുവരെ ഒരു ഭാഗം പുഴയും മറുഭാഗം വയലുമാണ്. ഇതിനിടക്ക് ഉയർന്ന കരഭാഗത്താണ് 40 ഓളം കുടുംബങ്ങൾ താമസിക്കുന്നത്. ഇനിയൊരു പ്രളയംകൂടി അതിജീവിക്കാൻ ഈ വീടുകളുൾക്കൊള്ളുന്ന തീരത്തിനാകുമോയെന്ന ആശങ്കയിലാണ് ഈ കുടുംബങ്ങൾ. നിരന്തര പരിശ്രമത്തിനൊടുവിൽ മണന്തലക്കടവിൽ ഏതാനും മീറ്റർ നീളത്തിൽ വർഷങ്ങൾക്കുമുമ്പ് റിവർ മാനേജ്മൻെറ് ഫണ്ട് ഉപയോഗിച്ച് തീരത്ത് ഭിത്തികെട്ടിയിരുന്നു. മറുഭാഗത്ത് മലപ്പുറം ജില്ലയുടെ തീരത്തും സംരക്ഷണഭിത്തി പലയിടത്തും കെട്ടിയിട്ടുണ്ട്. ഏറെക്കാലമായി ആവശ്യമുന്നയച്ചിട്ടും ശേഷിക്കുന്ന ഭാഗത്ത് സംരക്ഷണഭിത്തി കെട്ടാൻ അധികൃതർ തയാറായിട്ടില്ല. രൂക്ഷമായ പ്രളയം തുടർച്ചയായ രണ്ടുവർഷം ആവർത്തിച്ചതോടെ നാട്ടുകാരുടെ ആശങ്ക വർധിക്കുകയാണ്. മണന്തലക്കടവ്-പൂളക്കോട് ഭാഗമുൾപ്പെടെ ചാലിയാർ തീരത്ത് അടിയന്തരമായി സംരക്ഷണഭിത്തി കെട്ടാൻ നടപടിയെടുക്കണമെന്ന് മാവൂർ ടൗൺ െറസിഡൻറ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.