lead inner പുത്തുമല ഉരുൾപൊട്ടൽ: മരണം 10

* ഏഴുപേരെ കണ്ടെത്താനുണ്ട് കൽപറ്റ: മേപ്പാടി പുത്തുമലയിലുണ്ടായ ഉരുൾപൊട്ടലിൽ ഒരാളുടെ മൃതദേഹംകൂടി കണ്ടെടുത്തു. ഉ രുൾപൊട്ടലിൽ മരിച്ച ശെൽവൻെറ ഭാര്യ റാണിയുടെ (57) മൃതദേഹമാണ് ഞായറാഴ്ച തിരച്ചിലിനിടെ രക്ഷാപ്രവർത്തകർ കണ്ടെടുത്തത്. ഇവർ താമസിച്ചിരുന്ന ലയം ഉരുൾപൊട്ടലിൽ നാമാവശേഷമായിരുന്നു. ഇതിനു സമീപം മണ്ണിനടിയിൽനിന്നാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തത്. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി. ഇതോടെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം പത്തായി. ഏഴുപേരെകൂടി കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക വിവരം. പുത്തുമല പച്ചക്കാട് സ്വദേശി അവറാൻ (68), അബൂബക്കർ (62), ശൈല (32), അണ്ണയ്യ (56), ഗൗരിശങ്കർ (26), നബീസ (72), മുത്താരത്തൊടി ഹംസ (62) എന്നിവരെയാണ് കണ്ടെത്താനുള്ളത്. അതേസമയം, മഴ ശമിച്ചതോടെ രക്ഷാപ്രവർത്തനം ഊർജിതമായി. സൈന്യം, എൻ.ഡി.ആർ.എഫ്, സന്നദ്ധ സംഘടനകൾ, നാട്ടുകാർ എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. കൂടുതൽ മണ്ണുമാന്തിയന്ത്രങ്ങൾ സ്ഥലത്തെത്തിച്ചത് രക്ഷാപ്രവർത്തനത്തിന് സഹായമായി. പ്രദേശത്തെ കൂടുതൽ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റി. മന്ത്രി എ.കെ. ശശീന്ദ്രൻ സ്ഥലത്തെത്തി. രാവിലെ കലക്ടറേറ്റിൽ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ദുരിതബാധിതർക്കായി സമാഹരിക്കുന്ന വസ്തുക്കൾ ഔദ്യോഗിക സംഭരണ കേന്ദ്രങ്ങളിലെത്തിക്കാൻ കെ.എസ്.ആർ.ടി.സിയിൽ ചാർജ് ഈടാക്കില്ലെന്ന് യോഗത്തിൽ മന്ത്രി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നിർദേശം ബന്ധപ്പെട്ട വകുപ്പ് മേധാവിക്ക് നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വയനാട് എം.പി രാഹുൽ ഗാന്ധി തിങ്കളാഴ്ച പുത്തുമലയിലെ ദുരന്തസ്ഥലവും ദുരിതാശ്വാസ ക്യാമ്പും സന്ദർശിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.