ബേപ്പൂർ: ബേപ്പൂർ മേഖലയിൽ മാറാട്, ഗോതീശ്വരം, കൈതവളപ്പ്, കല്ലിങ്ങൽ, പുലിമുട്ട് ഭാഗങ്ങളിൽ കടൽക്ഷോഭം രൂക്ഷമായി. ബു ധനാഴ്ച അർധരാത്രി മുതൽ അതിശക്തമായി വീശിയടിച്ച കാറ്റിൽ തിരമാലകൾ കരയിലേക്ക് ഇരച്ചുകയറുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ഗോതീശ്വരം അമ്പലത്തിനു സമീപത്തുള്ള പല വീടുകളിലേക്കും ശക്തമായ കാറ്റിലും തിരയിലും വെള്ളം കയറി. വേലിയിറക്ക സമയത്ത് വെള്ളം ഇറങ്ങിയെങ്കിലും വൈകീട്ട് വീണ്ടും ശക്തമായ കാറ്റും കോളും മഴയും വന്നതോടെ വീണ്ടും തിരമാല കരയിലേക്ക് അടിച്ചുകയറി. ഗോതീശ്വരം അമ്പലത്തിനു സമീപം താമസിക്കുന്ന എടത്തൊടി രാജേഷ്, കാരന്നൂർ റീത്ത, പൊന്നത്ത് സജിത്ത്, പൊന്നത്ത് ശിവദാസ്, അറക്കൽ കല്യാണി, കുനിയിൽ അപ്പുട്ടി, നെല്ലിപ്പുനത്തിൽ ലക്ഷ്മണൻ എന്നിവരുടെ വീട്ടിലേക്ക് വെള്ളം കയറി. ബേപ്പൂർ വില്ലേജ് ഓഫിസറും സംഘവും സ്ഥലം സന്ദർശിച്ചു. തീരക്കടലിലും പുറംകടലിലും അതിശക്തമായി കാറ്റടിച്ചു കൊണ്ടിരിക്കുന്നതിനാൽ ബേപ്പൂരിൽനിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടുകൾ മിക്കതും തിരിച്ചുപോന്നു. ശക്തമായ അടിയൊഴുക്കും തിരമാലയും കാരണം അഴിമുഖം കടന്ന് ഹാർബറിലെത്താൻ പ്രയാസപ്പെടുകയാണ് ബോട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.