പയ്യോളി-പേരാമ്പ്ര റോഡിലെ വൺ​േവ ട്രാഫിക് നിർത്തലാക്കുന്നു

പയ്യോളി: ടൗണില്‍ പേരാമ്പ്ര റോഡിലേര്‍പ്പെടുത്തിയ വണ്‍വേ ട്രാഫിക് പരിഷ്കാരം ആഗസ്റ്റ് 15 മുതൽ താൽക്കാലികമായി നിര്‍ത്തലാക്കാന്‍ തീരുമാനം. പയ്യോളി നഗരസഭ ഹാളില്‍ ചേര്‍ന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. വൺേവ ട്രാഫിക് പ്രകാരം പേരാമ്പ്ര ഭാഗത്തുനിന്ന് വരുന്ന ബൈക്കുകള്‍ ഉള്‍പ്പെടെയുള്ള ചെറുവാഹനങ്ങള്‍ ദേശീയപാതയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിനു പകരം എൻ.എച്ച് അർബൻ റോഡ് വഴിയും വടക്കോട്ടുള്ളവ ഐ.പി.സി റോഡ് വഴിയുമാണ് തിരിച്ചുവിടുന്നത്. പൊട്ടിപ്പൊളിഞ്ഞ ഐ.പി.സി റോഡ് വടക്കോട്ടുള്ള വൺേവയാണെങ്കിലും പലപ്പോഴും രണ്ട് ഭാഗത്തേക്കും വാഹനങ്ങൾ സഞ്ചരിച്ച് ഗതാഗതക്കുരുക്കിലാകാറുണ്ട്. രാവിലെ എട്ടുമണി മുതൽ രാത്രി ഏഴുവരെയുള്ള ട്രാഫിക് നിയന്ത്രണത്തിന് രണ്ട് പൊലീസുകാർ ഡ്യൂട്ടിയിലുണ്ടാകും. അശാസ്ത്രീയ വൺേവ ട്രാഫിക് പരിഷ്കാരം എടുത്തു മാറ്റണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി യൂനിറ്റ് നിരവധി തവണ അധികൃതരെ സമീപിച്ചിരുന്നു. കഴിഞ്ഞമാസം സംഘടനയുടെ നേതൃത്വത്തിൽ ധർണയും സംഘടിപ്പിച്ചു. ഇതില്‍ പങ്കെടുത്തവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. വ്യാപാരികളെയും യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കിയ ട്രാഫിക് പരിഷ്കരണം പിൻവലിക്കാനുള്ള തീരുമാനം സ്വാഗതാർഹമാണെന്ന് വ്യാപാരികൾ പറഞ്ഞു. പയ്യോളി നഗരസഭ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍പേഴ്സൻ വി.ടി. ഉഷ, വൈസ് ചെയര്‍മാന്‍ കെ.വി. ചന്ദ്രന്‍, ടൗണ്‍ ഡിവിഷന്‍ കൗണ്‍സിലര്‍മാരായ കെ.ടി. ലിഖേഷ്, ഷാഹുല്‍ ഹമീദ്, പയ്യോളി സർക്കിൾ ഇന്‍സ്പെക്ടര്‍ കെ.ആര്‍. ബിജു, ആര്‍.ടി.ഒ അധികൃതർ, വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി യൂനിറ്റ് പ്രസിഡൻറ് കെ.യു. ഫൈസല്‍, സെക്രട്ടറി കെ.പി. ഗിരീഷ് കുമാര്‍, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികള്‍, ഓട്ടോ കോഓഡിനേഷന്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.