ബേപ്പൂർ: ശക്തമായ തിരയിലും കാറ്റിലുംപെട്ട് ബന്ധം വിച്ഛേദിക്കപ്പെട്ടതിനെത്തുടർന്ന് കടലിൽ ഒഴുകിയ തിരമാല നിരീക്ഷണ സംവിധാനം (വേവ് റൈഡർ ബോയ്) പൊന്നാനി ഭാഗത്ത് നിന്ന് കണ്ടെടുത്തു. കേരള സമുദ്ര പഠന സർവകലാശാലയും കേന്ദ്ര വിവരസേവന കേന്ദ്രവും സംയുക്തമായി കോഴിക്കോട് പുതിയാപ്പ ഭാഗത്തെ കടലിൽ 12 നോട്ടിക്കൽ മൈൽ അകലെ സ്ഥാപിച്ച നിരീക്ഷണ സംവിധാനം ശനിയാഴ്ച രാവിലെയാണ് ഒഴുക്കിൽപ്പെട്ടത്. കടലിലുണ്ടാകുന്ന മാറ്റങ്ങളും കാറ്റിൻെറ ദിശ, ഗതി, മത്സ്യലഭ്യത എന്നിവയും മനസ്സിലാക്കാനാണ് കേരള തീരത്ത് രണ്ടിടങ്ങളിൽ ഈ സംവിധാനം സ്ഥാപിച്ചത്. നിരീക്ഷണ സംവിധാനം ഒഴുക്കിൽപ്പെട്ടതോടെ എല്ലാ ജില്ലകളിലേയും മത്സ്യത്തൊഴിലാളികൾക്ക് വിവരം നൽകിയിരുന്നു. തിങ്കളാഴ്ച രാവിലെ പൊന്നാനി ഭാഗത്ത് ഉണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് മലപ്പുറം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൽ മജീദിൻെറ നിർദേശപ്രകാരം ഉദ്യോഗസ്ഥരുടെയും ഫിഷറീസ് റെസ്ക്യൂ ഗാർഡുമാരുടെയും നേതൃത്വത്തിൽ ഫിഷറീസ് ബോട്ട് ഉപയോഗിച്ചാണ് ഉപകരണം കണ്ടെടുത്തത്. ഫിഷറീസ് സർവകലാശാലയിലെ പ്രഫസർ ഡോ. എസ്.എം. റാഫിയുടെ നേതൃത്വത്തിൽ ഗവേഷകൻ എസ്. അതുൽ, ടെക്‌നിക്കൽ സ്റ്റാഫ് രാഹുൽ, ഫിഷറീസ് ഓഫിസ് ജീവനക്കാരൻ കബീർ, ഫിഷറീസ് റെസ്ക്യൂ ഗാർഡുമാരായ വി.പി. സക്കീർ, മുഹമ്മദ് ആഷിർ, ശിഹാബ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.