കോഴിക്കോട്: മഴക്കാലം മുന്നിൽ കണ്ട് നഗരത്തിൽ നടത്തുന്ന ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളിൽ കൂടുതൽ ജനകീയ പങ്കാളിത ്തവും ബോധവത്കരണവും ആവശ്യമാണെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രനും ഡെപ്യൂട്ടി മേയർ മീര ദർശകും. മാലിന്യ സംസ്കരണത്തിൽ സംസ്ഥാനത്ത് ഏറ്റവും മികച്ച പ്രവർത്തനത്തിനുള്ള മലിനീകരണ നിയന്ത്രണ ബോർഡിൻെറ അവാർഡ് ലഭിച്ച സാഹചര്യത്തിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. വൃത്തിഹീനവും ആരോഗ്യമാനദണ്ഡങ്ങൾക്ക് വിരുദ്ധവുമായി കച്ചവടം ചെയ്യുന്നവർക്കെതിരെ നഗരസഭ നടപടി ശക്തമാക്കും. കോഴിക്കോട്ട് മിക്ക കടകളിലും മത്സ്യം സൂക്ഷിക്കുന്ന ഐസ് ഭക്ഷണപാനീയങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ഭക്ഷണത്തിനായി ഉപയോഗിക്കുന്ന ഐസ് നിർമിക്കുന്ന ഏതാനും ഫാക്ടറികൾ മാത്രമേ നഗരത്തിലുള്ളൂ. കല്യാണവീടുകളില്‍ പോലും മീനിലിടാനുള്ള ഐസുകള്‍ പാനീയമുണ്ടാക്കാൻ കൊണ്ടുപോകുന്നു. ഇത്തരം ഫാക്ടറികളും കടകൾക്കുമെതിരെ നടപടി വരും. സോഡ നിർമാണ യൂനിറ്റുകളും പരിശോധിക്കും. പൈപ് പൊട്ടി ഓവുചാലുകളില്‍ നിന്നുള്ള വെള്ളം കലരുന്ന അവസ്ഥക്കെതിരെയും നടപടിവരും. മഴക്കാലത്തിനുമുമ്പ് ഓവുചാലുകളില്‍നിന്ന് മണ്ണ് നീക്കം ചെയ്യുന്നുണ്ട്. ഇവ എടുത്തുമാറ്റാതെ വഴിയരികില്‍ തന്നെ തള്ളുന്നത് തടയും. മീഞ്ചന്തയിൽ നഗരസഭയുടെ ബസ് ടെർമിനലിനായുള്ള മൂന്നേക്കാർ സ്ഥലം നികത്താൻ ഇതുപയോഗിക്കും. പ്രളയാനന്തരം ഏറ്റവുമധികം മരണമുണ്ടായത് എലിപ്പനി കാരണമാണ്. ഇത്തവണ പനിമരണങ്ങൾ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും മേയറും ഡെപ്യൂട്ടി മേയറും പറഞ്ഞു. വിവിധ സ്ഥിരം സമിതി തലവൻമാരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. വെള്ളം പരിശോധിച്ച റിപ്പോര്‍ട്ട് കടകളിലുണ്ടാകണം കോഴിക്കോട്: ഹോട്ടല്‍, കൂള്‍ബാര്‍, കാൻറീനുകള്‍ എന്നിവിടങ്ങളില്‍ ഉപയോഗിക്കുന്ന വെള്ളം പരിശോധിച്ചുവെന്ന് കാണിക്കുന്ന ആറു മാസത്തിനുള്ളിലുള്ള റിപ്പോര്‍ട്ട് കടകളിൽ സൂക്ഷിക്കണമെന്ന് മേയർ നിർദേശിച്ചു. ഐസ് ഭക്ഷ്യയോഗ്യമാണെന്ന് ഉറപ്പാക്കണം. ഭക്ഷ്യയോഗ്യമല്ലാത്ത ഉൽപന്നങ്ങൾ വിറ്റാൽ കടകൾ പൂട്ടിക്കും. സ്ഥാപനങ്ങളില്‍ വെള്ളം വിതരണം ചെയ്യുന്നതാണെങ്കിൽ അത് പരിശോധിച്ചതിൻെറ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ് സ്ഥാപനങ്ങളില്‍ സൂക്ഷിക്കണം. വെള്ളത്തിൽ മാലിന്യം കലര്‍ന്നിട്ടില്ലെന്ന് ഉറപ്പ് വരുത്തണം. ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ ശുചിത്വം പാലിക്കണം. ഉപ്പിലിട്ട സാധനങ്ങള്‍ വൃത്തിഹീനമായ ചുറ്റുപാടിലെങ്കിൽ കഴിക്കരുത്. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളിൽ ശുചിത്വം സ്ഥാപന ഉടമ തന്നെ ഉറപ്പാക്കണമെന്നും നഗരസഭ മുന്നറിയിപ്പു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.