നന്മണ്ട: ഗ്രാമീണ മേഖലയിൽ ജപ്പാൻ പൈപ്പ് പൊട്ടി കുടിവെള്ളം പാഴായിട്ടും ജല അതോറിറ്റി നടപടിയെടുത്തില്ലെന്ന് പ്രദേശവാസികൾ. നരിക്കുനി റോഡിൽ പാടിച്ചേരി മുന്നിൽ പൈപ്പ് പൊട്ടി കുടിവെള്ളം ഒഴുകാൻ തുടങ്ങിയിട്ട് ആഴ്ചകളായി. തിരക്കേറിയ റോഡാണിത്. ഇരു ഭാഗത്ത് നിന്നും വാഹനങ്ങൾ വരുമ്പോൾ പാടിച്ചേരി താഴത്തെത്തുമ്പോൾ വെള്ളം കുത്തിയൊലിച്ച് ചളിക്കുളമായ ഭാഗത്തേക്ക് കാൽനടക്കാർക്ക് ഇറങ്ങി നിൽക്കണമെന്ന സ്ഥിതിയാണ്. ഏകദേശം 50 മീറ്ററോളം വെള്ളം ഒഴുകിക്കൊണ്ടിരിക്കുകയാണ്. സ്കൂൾ തുറക്കാൻ നാമമാത്രമായ ദിവസങ്ങളേയുള്ളൂ. തൊട്ടടുത്ത യു.പി സ്കൂൾ വിദ്യാർഥികളുടെ സഞ്ചാര പാതയാണിത്. തളി ബൈപാസ് റോഡിലും പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതും പതിവായി മാറി. ദിവസവും നൂറുകണക്കിനാളുകൾ യാത്ര ചെയ്യുന്നത് കുടിവെള്ളത്തിൽ ചവിട്ടിയാണ്. കുന്നുമ്മൽ റോഡ്, തിയ്യക്കോത്ത് റോഡ് ഇവിടങ്ങളിലെ സ്ഥിതിയും വിഭിന്നമല്ല. കുടിവെള്ള ക്ഷാമം രൂക്ഷമായി കൊണ്ടിരിക്കുന്ന മേഖലയിൽ വെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോഴാണ് അധികൃതരുടെ അനാസ്ഥമൂലം ജലം പാഴാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.