വോട്ടങ്ങാടി ബസ് കാത്തിരിപ്പു കേന്ദ്രത്തി​ൽ ഇവർ കാത്തിരിക്കുന്നത്​ രാഷ്​ട്രത്തി​െൻറ ഭാവി

വോട്ടങ്ങാടി ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ഇവർ കാത്തിരിക്കുന്നത് രാഷ്ട്രത്തിൻെറ ഭാവി നന്മണ്ട: നരിക്കുനി-നന്മ ണ്ട റോഡിൽ കൂളിപ്പൊയിലിലെ 'തണൽ' ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ചേർന്നിരിക്കുന്ന വയോജനങ്ങൾ കാത്തിരിക്കുന്നത് വാഹനമല്ല, തെരെഞ്ഞടുപ്പാനന്തരം രാജ്യത്തിന് വരുന്ന മാറ്റങ്ങളാണ്. തെരഞ്ഞെടുപ്പുകാലമായതോടെ ആഴമേറിയ രാഷ്ട്രീയ വിശകലനത്തിലാണ് 15 പേരടങ്ങുന്ന ഈ കൂട്ടായ്മ. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ ചൂടൻ ചർച്ചകൾക്കാണ് ബസ് കാത്തിരിപ്പു കേന്ദ്രം വേദിയാകുന്നത്. മുൻകാലങ്ങളിൽ രാഷ്ട്രീയ പ്രവർത്തനം നടത്തിയവരും സർവിസ് സംഘടനയിൽ പ്രവർത്തിച്ചവരുമാണ് ഈ കൂട്ടായ്മയിൽ. ബസ് കാത്തിരിക്കുന്നവർക്കും അഭിപ്രായം പങ്കുവെക്കാം. 92 കാരനായ എഴുകുളത്തിൽ മൊയ്തിയാണ് പ്രായം കൂടിയ അംഗം. മുൻകാല കോൺഗ്രസ് പ്രവർത്തകനായ മൊയ്തി മതേതരത്വത്തെക്കുറിച്ചും ഫാഷിസത്തെക്കുറിച്ചുമാണ് ആശങ്ക പങ്കുവെച്ചത്. 85 കാരനും റിട്ട. കെ.എസ്.ഇ.ബി. ജീവനക്കാരനുമായ നെല്ലിക്കുന്നുമ്മൽ രാമൻകുട്ടിയും 84 കാരനും കർഷകനുമായ കറുത്തമ്പത്ത് ദാമോദരൻ നായരും മൊയ്‌തിയുടെ അഭിപ്രായത്തോട് യോജിക്കുന്നവരാണ്. 75 കാരനായ പുനത്തിൽ ഇസ്മാഈൽ വയനാട്ടിൽ ലീഗിൻെറ പതാക പാകിസ്താൻെറ പതാകയോട് ഉപമിച്ച ബി.ജെ.പി നേതാക്കളുടെ അഭിപ്രായത്തെക്കുറിച്ചായിരുന്നു സംസാരിച്ചത്. 79 കാരായ പുനത്തിൽ പുറായിൽ മൊയ്തീൻകോയയും കെ.കെ.ചന്ദ്രൻ പൗർണമിയും നോട്ടുനിരോധനത്തിൻെറ തിക്തഫലങ്ങൾ എണ്ണിപ്പറഞ്ഞു. ഓരോ ദിവസവും ഓരോ അംഗങ്ങൾ തൊട്ടടുത്ത ചേതന വായനശാലയിൽനിന്ന് പത്രം നോക്കി പ്രധാന പോയൻറുകൾ കുറിച്ചുവെച്ചതിനുശേഷമാണ് ചർച്ചക്ക് തുടക്കമിടുക. തെരഞ്ഞെടുപ്പ് ദിവസം ഓരോ അംഗങ്ങളും എത്ര സീറ്റ് ഓരോ മുന്നണി നേടുമെന്ന കണക്കും തുണ്ടുകടലാസിൽ രഹസ്യമായി കുറിച്ചുവെക്കുമെന്നതും ചർച്ചയുടെ പ്രാധാന്യം വ്യക്തമാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.