സ്​കൂളി​െൻറ 89ാം വാർഷികാഘോഷത്തിന് 90കാരിയായ ആദ്യ ഒന്നാം ക്ലാസ് വിദ്യാർഥിനിയെത്തി

ബാലുശ്ശേരി: ബാലുശ്ശേരി എ.യു.പി സ്കൂൾ 89ാം വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ സ്കൂളിലെ ആദ്യ ബാച്ചിലെ ഒന്നാം ക്ലാസ് വി ദ്യാർഥിനി 90കാരിയായ ചാത്തൻ കുളങ്ങര ഉണ്യേമ അമ്മ വാർധക്യത്തെ മറന്ന് വേദിയിലെത്തിയത് കൗതുകമായി. 1930ൽ തൈക്കണ്ടി പറമ്പിൽ എഴുത്തു പള്ളിക്കൂടമായി ആരംഭിച്ച സ്കൂളിൽ ഒന്നാം ക്ലാസിൽ ചേർന്ന 10 വിദ്യാർഥിനികളിൽ ഇന്ന് ജീവിച്ചിരിപ്പുള്ള ഏക വിദ്യാർഥിയാണ് ഉണ്യേമ അമ്മ. സ്കൂളിൽ വരാത്തതിനാൽ ആൺകുട്ടികൾ ഇല്ലാതെയായിരുന്നു എഴുത്തു പള്ളിക്കൂടത്തിലെ ഒന്നാം ക്ലാസ്. ഗോപാലൻ എഴുത്തച്ഛനായിരുന്നു നിലത്തെഴുത്ത് ആശാൻ. വൈകുണ്ഠത്തിനടുത്ത് വയൽപറമ്പിലെ പുതിയ ഓലഷെഡിലേക്ക് എഴുത്തുപള്ളിക്കൂടം മാറിയപ്പോൾ ഈ വിദ്യാർഥിനികളെയും ഗോപാലൻ എഴുത്തച്ഛനെയും കൂട്ടി മാനേജർ താഴത്ത് വീട്ടിൽ ടി.വി. കൃഷ്ണൻ എൽ.പി സ്കൂളിന് തുടക്കമിടുകയായിരുന്നു. അക്കാലത്തെ സ്കൂൾ മാനേജറും പ്രധാന അധ്യാപകനും ടി.വി. കൃഷ്ണൻ തന്നെയായിരുന്നു. നാലാം വയസ്സിലായിരുന്നു ഉണ്യേമ സ്കൂളിൽ ചേർന്നത്. അക്കാലത്തെ സ്കൂൾ അഡ്മിഷൻ രജിസ്റ്റർ ഇപ്പോഴും സ്കൂളിലുണ്ട്. ചുവന്ന മഷിയിലായിരുന്നു രജിസ്റ്ററിൽ പേരെഴുതിയിരുന്നത്. നീല മഷികൊണ്ട് ആൺകുട്ടികളുടെ പേരായിരുന്നു എഴുതിയിരുന്നത്. വർഷങ്ങൾ കഴിഞ്ഞാണ് മഷിയുടെ ഈ വേർതിരിവ് നിർത്തലാക്കിയത്. നാലാം ക്ലാസ് വരെ മാത്രമേ ഇവിടെ പഠിപ്പ് ഉണ്ടായിരുന്നുള്ളൂ. ഉണ്യേമ അമ്മയും ഇവിടെ നാലാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. 89 വർഷം പിന്നിട്ട സ്കൂളി​െൻറ മുറ്റത്തെത്തിയപ്പോൾ പഴയ കൂട്ടുകാരികളെ ഓർമിച്ചു പോകുന്നുണ്ടെന്ന് ഉണ്യേമ പറഞ്ഞു. അടുത്ത വർഷം നവതിയിലെത്തുന്ന സ്‌കൂളി​െൻറ നവതി ആഘോഷത്തി​െൻറ ലോഗോ പ്രകാശന ചടങ്ങിനാണ് ആദ്യ വിദ്യാർഥിനിയായ ഉണ്യേമ അമ്മയെ സ്കൂളിലേക്ക് ക്ഷണിച്ചത്. മകനും സ്കൂളിലെ മുൻ അധ്യാപകനുമായ സി. രാജനോടൊപ്പമാണ് ഇവർ എത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.