ബസ് പണിമുടക്ക് തുടങ്ങി; ബേപ്പൂർ ബസ്​സ്​റ്റാൻഡിൽ നേരിയ സംഘർഷം

ബേപ്പൂര്‍: ബേപ്പൂര്‍ റൂട്ടിൽ സ്വകാര്യ ബസ്‌ തൊഴിലാളികൾ തിങ്കളാഴ്ച തുടങ്ങിയ അനിശ്ചിതകാല സമരം രണ്ടാം ദിവസേത്തക്ക് കടന്നു. ബസ് സമരം നടക്കുന്നതറിയാതെ ബസ്സ്റ്റാൻഡിലേക്കെത്തിയവർ വാഹനങ്ങൾ ലഭിക്കാതെ വലഞ്ഞു. ബേപ്പൂരിൽനിന്ന് ഫറോക്ക്, കൊണ്ടോട്ടി മേഖലയിലേക്കുള്ള മിനിബസുകൾ സർവിസ് നടത്തിയതും ട്രാവലർ, ജീപ്പുകൾ തുടങ്ങിയ വാഹനങ്ങൾ സമാന്തര സർവിസുകൾ ആരംഭിച്ചതും സഹായകമായി. വേതനവർധനയുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച വൈകീട്ട് ജില്ല ലേബർ ഓഫിസറുടെ മുമ്പാകെ നടന്ന ചർച്ചയും പരിഹാരമാകാതെ പിരിഞ്ഞു. തൊഴിലാളികളും ട്രേഡ് യൂനിയനുകളും മുന്നോട്ടുവെച്ച ആവശ്യങ്ങൾ ബസ് ഉടമകൾ അംഗീകരിക്കാത്തതാണ് ചർച്ച പരാജയപ്പെടാൻ കാരണമായത്. സമരവുമായി സഹകരിക്കാതെ സർവിസ് നടത്തിയ ബേപ്പൂർ മാഹി സ്വദേശി ലിബീഷി​െൻറ ഉടമസ്ഥതയിലുള്ള 'തച്ചാട്ട് അമ്മ' എന്ന ബസ് സമരാനുകൂലികൾ ബേപ്പൂർ ബസ്സ്റ്റാൻഡിന് മുന്നിൽ തടഞ്ഞത് തർക്കത്തിനിടയാക്കി. തുടർന്ന് ബേപ്പൂർ എസ്.ഐ റനീഷി​െൻറ നേതൃത്വത്തിൽ പൊലീസ് സംരക്ഷണത്തോടെ സർവിസ് നടത്താൻ സാഹചര്യമൊരുക്കി. ബസ് സർവിസ് നടത്താൻ തുടങ്ങിയതോടെ സമരാനുകൂലികൾ പ്രതിഷേധവുമായി സീറ്റുകളിൽ നിലയുറപ്പിച്ചു. കോഴിക്കോട് പുതിയാപ്പ വരെ യാത്രചെയ്ത് തിരിച്ച് ബേപ്പൂരിലേക്ക് വന്നു. തിരിച്ച് ബേപ്പൂരിൽ എത്തിയതിനുശേഷം സമരാനുകൂലികളുടെ ആക്രമണം ഭയന്ന് ബസ് സ്റ്റേഷൻ പരിസരത്തേക്ക് മാറ്റി. തൊഴിലാളികൾക്ക് മതിയായ വേതനം മുമ്പേതന്നെ അനുവദിച്ചതുകൊണ്ടാണ് ഈ ബസ് ട്രിപ്പ് നടത്തിയതെന്ന് പറയപ്പെടുന്നു. ജില്ല ലേബർ ഓഫിസർ മുമ്പാകെ നടന്ന ചർച്ചയിൽ ബസുടമകൾക്ക് പുറമെ വിവിധ ട്രേഡ് യൂനിയനുകളെ പ്രതിനിധാനം ചെയ്ത് പി. കുഞ്ഞൻ, സി. മുരളീധരൻ, കാളക്കണ്ടി ബാലൻ, പി. സുരേഷ് ബാബു, പി. ബൈജു, എം. സിറാജ്, എ. ഷിജു എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.