ഭാര്യക്ക്​ 'അജ്​ഞാത' കുഞ്ഞിനെ സമ്മാനിച്ച്‌ ഭര്‍ത്താവ് നാട് വിട്ടു

ഉദുമ: ഭാര്യക്ക് കുഞ്ഞിനെ സമ്മാനിച്ച്‌ ഭര്‍ത്താവ് നാട് വിട്ടു. കുഞ്ഞ് ആരുടേതാണെന്ന് അറിയാത്തതിനാല്‍ ബേക്കല്‍ പൊലീസ് ഇടപെട്ട് കുട്ടിയെ പട്ടുവം സ്നേഹനികേതനിലേക്ക് മാറ്റി. ഉദുമ എരോലിലെ യുവതിക്കാണ് ഭര്‍ത്താവ് അഡൂർ ദേവരടുക്ക സ്വദേശിയായ യുവാവ് ആറുമാസം പ്രായമായ പെൺകുഞ്ഞിനെ നൽകിയത്. വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും ദമ്പതികൾക്ക് കുട്ടികളുണ്ടായിരുന്നില്ല. ചില കുടുംബപ്രശ്നങ്ങളുടെ പേരിൽ രണ്ടുവർഷം മുമ്പ് യുവതി ഭർത്താവി​െൻറ വീട്ടിൽനിന്ന് ഉദുമ എരോലിലെ സ്വന്തം വീട്ടിലേക്ക് വന്നിരുന്നു. രണ്ടാഴ്ച മുമ്പ് മധ്യസ്ഥർ ഇടപെട്ട് പ്രശ്നങ്ങൾ പറഞ്ഞുതീർത്തശേഷം ഭാര്യവീട്ടിൽ യുവാവ് ഒരാഴ്ച താമസിക്കുകയും ചെയ്തു. രണ്ടുദിവസം മുമ്പ് അഡൂർ ദേവരടുക്കയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയ ഭർത്താവ് കഴിഞ്ഞദിവസം ആറുമാസം പ്രായമായ പെൺകുഞ്ഞുമായാണ് മടങ്ങിവന്നത്. ദത്തെടുത്തതാണെന്നാണ് ഭാര്യയോട് പറഞ്ഞത്. ഇതിനുശേഷം ഭർത്താവ് സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു. വിവരമറിഞ്ഞ ബേക്കല്‍ എസ്.ഐ പി.കെ. വിനോദ്കുമാർ ഞായറാഴ്ച ഉച്ചകഴിഞ്ഞ് വനിത പൊലീസിനൊപ്പം യുവതിയുടെ വീട്ടിലെത്തി കുഞ്ഞിനെ സംബന്ധിച്ച രേഖകള്‍ ആവശ്യപ്പെട്ടു. എന്നാൽ, വീട്ടുകാര്‍ക്ക് രേഖ ഹാജരാക്കാൻ കഴിയാത്തതിനാൽ പൊലീസ് കുഞ്ഞിനെ ശിശുക്ഷേമ സമിതി മുമ്പാകെ ഹാജരാക്കുകയായിരുന്നു. ശിശുക്ഷേമ സമിതി അധ്യക്ഷ മാധുരി എസ്. ബോസ് എത്തി കുഞ്ഞിനെ പട്ടുവം സ്നേഹനികേതൻ കേന്ദ്രത്തിലേക്ക് മാറ്റി. യുവതിയുടെ ഭര്‍ത്താവിനോട് ഫോണില്‍ ബന്ധപ്പെട്ട് രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ ബംഗളൂരുവിലേക്കുള്ള യാത്രയിലാണെന്നും വന്നിട്ടുനൽകാം എന്നായിരുന്നു മറുപടി. കുട്ടിയെ സംബന്ധിച്ച രേഖകളുമായി ഹാജരാകാൻ ബേക്കല്‍ പൊലീസ് യുവാവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മതിയായ രേഖകളില്ലെങ്കിൽ യുവാവിനെതിരെ നിയമപ്രകാരമുള്ള നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.