ദുരിതാശ്വാസ വിതരണത്തിലെ അപാകത യു.ഡി.എഫ് പെരുവയല്‍ വില്ലേജ് ഓഫിസ് ഉപരോധത്തില്‍ സംഘര്‍ഷം

പെരുവയൽ: പ്രളയ ദുരിതാശ്വാസ സഹായം അനുവദിച്ചതിലെ അപാകതയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് നടത്തിയ പെരുവയല്‍ വില്ലേജ് ഓഫിസ് ഉപരോധം സംഘർഷത്തിലെത്തി. പൊലീസ് വലയം ഭേദിച്ച് ഓഫിസില്‍ കടക്കാനുള്ള ശ്രമമാണ് സംഘർഷത്തിലെത്തിയത്. വലയം ഭേദിച്ച് അകത്തുകടന്ന പ്രവര്‍ത്തകർ രണ്ട് മണിക്കൂറോളം സമരം നടത്തി. തുടർന്ന് മെഡിക്കല്‍ കോളജ് സി.ഐ മൂസ വള്ളിക്കാടൻ, മാവൂര്‍ എസ്.ഐ കെ. ശ്യാം എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം എത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറെ നേരം സംഘര്‍ഷവുമുണ്ടായി. പ്രളയക്കെടുതി മൂലം വീട് ഒഴിഞ്ഞ 886 കുടുംബങ്ങളുടെ കൃത്യ വിവരം വില്ലേജ് ഒാഫിസിൽ സമര്‍പ്പിച്ചിട്ടും 373 പേര്‍ക്ക് മാത്രമാണ് ധനസഹായം അനുവദിച്ചത്. രൂക്ഷ പ്രളയ ദുരിതം അനുഭവിച്ചവരെ ഒരു മാനദണ്ഡവുമില്ലാതെ റവന്യൂ അധികൃതര്‍ വെട്ടിമാറ്റുകയായിരുന്നുവത്രെ. ഇതി​െൻറ കാരണം വ്യക്തമാക്കാന്‍ പോലും അധികൃതര്‍ തയാറാകാത്തതിനെ തുടർന്നാണ് യു.ഡി.എഫ് പ്രക്ഷോഭത്തിനിറങ്ങിയത്. രാവിലെ പ്രകടനമായെത്തിയ പ്രവര്‍ത്തകരെ ഓഫിസ് കവാടത്തില്‍ പൊലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ഏതാനും പൊലീസുകാർ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. ഒാഫിസിനകത്ത് പ്രവേശിച്ച പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി കുത്തിയിരിപ്പ് സമരം തുടങ്ങി. നേതാക്കള്‍ വില്ലേജ് ഓഫിസറുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. പുനരന്വേഷണം നടത്തി വിട്ടുപോയ മുഴുവന്‍ പേര്‍ക്കും ആനുകൂല്യം ഉറപ്പാക്കണമെന്നും തഹസില്‍ദാര്‍ സ്ഥലത്തെത്തി ഉറപ്പു നല്‍കുന്നതു വരെ സമരം തുടരുമെന്നും നേതാക്കള്‍ അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വൈ.വി. ശാന്ത, വൈസ് പ്രസിഡൻറ് കുന്നുമ്മല്‍ ജൂമൈല ഉള്‍പ്പെടെയുള്ള 52 പേരെയാണ് അറസ്റ്റ് ചെയ്തത്. പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ കെ. മൂസ മൗലവി ഉപരോധം ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ സി.എം. സദാശിവന്‍ അധ്യക്ഷത വഹിച്ചു. പി.കെ. ഷറഫുദ്ദീന്‍, അനീഷ് പാലാട്ട് എന്നിവർ സംസാരിച്ചു. സുബിത തോട്ടാഞ്ചേരി, എം. ഗോപാലന്‍ നായര്‍, കെ. ജാഫര്‍സാദിഖ്, ഇ.സി. മുഹമ്മദ്, ഉനൈസ് പെരുവയൽ, എന്‍.കെ. മുനീര്‍, കരുപ്പാൽ അബ്ദുറഹിമാൻ, കെ. മുഹമ്മദ് കോയ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.