ജില്ലയിൽ പ്രളയത്തെക്കാൾ ഭീതിപരത്തി എലിപ്പനി കോഴിക്കോട്: നിപക്കും പ്രളയത്തിനും പിന്നാലെ ജില്ലയിൽ എലിപ്പനിയും കടുത്ത ഭീതിപരത്തുന്നു. സംസ്ഥാനത്ത് ഏറ്റവുമധികം ആളുകൾ മരിച്ചതും ജില്ലയിൽ തന്നെ. പ്രളയം കാര്യമായി ബാധിക്കാതിരുന്നിട്ടുപോലും ജില്ലയിൽ ഇത്രയധികംപേർ എലിപ്പനി മൂലം മരിച്ചത് എന്തുകൊണ്ടെന്ന ചോദ്യത്തിന് അധികൃതർക്ക് മറുപടിയില്ല. നഗരപരിധിയിലാണ് ഏറ്റവുമധികം ആളുകൾക്ക് എലിപ്പനി ബാധിച്ചിട്ടുള്ളത്. നിപക്കാലത്ത് കോഴിക്കോട്ട് പൊലിഞ്ഞത് 14 ജീവനുകളാണ്. ജൂൺ മാസത്തിൽ കട്ടിപ്പാറ കരിഞ്ചോല മലയിലുണ്ടായ ഉരുൾപൊട്ടലിലും 14 പേർക്ക് ജീവൻ നഷ്ടമായി. ആഗസ്റ്റിലുണ്ടായ പ്രളയവും വെള്ളപ്പൊക്കവും മൂലം ജില്ലയിൽ 21 പേർ മരിച്ചു. ഇതിനു പിന്നാലെയാണ് പ്രളയം ബാക്കിയാക്കിയ പകർച്ചവ്യാധി മൂലമുണ്ടാവുന്ന ജീവഹാനികൾ. എലിപ്പനി മൂർച്ഛിക്കുന്ന ഘട്ടത്തിലാണ് പലരും ആശുപത്രിയിലെത്തുന്നതെന്നും മരിച്ച പലരും രോഗത്തിെൻറ തുടക്കത്തിൽ തന്നെ എത്തിയിരുന്നെങ്കിൽ നിയന്ത്രണവിധേയമായേനെ എന്നും അധികൃതർ വിലയിരുത്തുന്നു. ശനിയാഴ്ച മാത്രം 13പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. വില്യാപ്പള്ളിയിൽ രണ്ടും കൊടുവള്ളി, കക്കോടി, മേപ്പയൂർ, നടുവണ്ണൂർ, കാരശ്ശേരി, കുന്ദമംഗലം, ഒളവണ്ണ, ഫറോക്ക്, വടകര, വേങ്ങേരി, പുതിയങ്ങാടി എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 25പേർക്ക് സംശയിക്കുന്നു. നിലവിൽ 84 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആശുപത്രികൾ സുസജ്ജം; പ്രത്യേക ക്യാമ്പുകൾ നടത്തും ജില്ലയിൽ എലിപ്പനി പടർന്നുപിടിക്കുന്നത് തടയാൻ മെഡിക്കൽ കോളജുൾപ്പടെ ആശുപത്രികൾ സുസജ്ജമാണെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ അറിയിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ വിളിച്ചുകൂട്ടിയ യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ 85 രോഗികളെ കൂടി ചികിത്സിക്കാനുള്ള സൗകര്യമുണ്ട്. ആശുപത്രിയിലെ മറ്റിടങ്ങളിൽ 68 പേർക്കുള്ള സൗകര്യമുണ്ട്. ബീച്ച് ആശുപത്രിയിലും കൊയിലാണ്ടി, ഫറോക്ക്, വടകര ആശുപത്രികളിലും എലിപ്പനി ചികിത്സക്കായി എല്ലാവിധ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പിൽനിന്നുമുള്ള 17 സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം 15 ദിവസത്തേക്ക് ലഭ്യമാകും. സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ വൈകീട്ട് അഞ്ചു മണി വരെ ഒ.പി പ്രവര്‍ത്തിക്കും. പുതുതായി പ്രവര്‍ത്തനം തുടങ്ങുന്ന 14 കേന്ദ്രങ്ങളിലും സേവനം ലഭ്യമാണ്. പ്രതിരോധ പ്രവർത്തനങ്ങളിൽ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തംകൂടി ഉറപ്പുവരുത്തുമെന്ന് മന്ത്രി അറിയിച്ചു. എലിപ്പനി നിയന്ത്രിക്കുന്നതിനായി 16 സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും കോര്‍പറേഷന്‍ പരിധിയിലും പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ യോഗത്തിൽ തീരുമാനിച്ചു. എല്ലാ ദിവസവും കലക്ടറുടെ ചേംബറില്‍ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗം നടത്തും. ഇതുവരെ 1.75 പേർക്ക് ജില്ലയിൽ പ്രതിരോധ ഗുളികയായ ഡോക്‌സി സൈക്ലിന്‍ നൽകിയതായി ജില്ല മെഡിക്കൽ ഓഫിസർ ഡോ.വി. ജയശ്രീ അറിയിച്ചു. കോർപറേഷൻ പരിധിയിൽ മാത്രം 25,000 പേർക്ക് വിതരണം ചെയ്തു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ഡി.എം.ഒ ഓഫിസില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഫോണ്‍: 0495 2376100. കലക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ കലക്ടര്‍ യു.വി. ജോസ്, ഡി.എം.ഒ വി. ജയശ്രീ, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍. രാജേന്ദ്രന്‍, സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. സുനിൽകുമാര്‍, കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫിസര്‍ ഡോ. ആര്‍.എസ്. ഗോപകുമാർ, കമ്യൂണിറ്റ് മെഡിസിന്‍ മേധാവി തോമസ് ബീന, ഡോ. ലൈലാബി, ഡോ. ശ്രീനാഥ്, ഡി.പി.ഒ ഡോ. എ. നവീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മൊബൈല്‍ മെഡിക്കല്‍ ക്യാമ്പ് ഇന്ന് എലിപ്പനി പടരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പിെൻറ നേതൃത്വത്തിൽ തിങ്കളാഴ്ച മൊബൈൽ മെഡിക്കൽ ക്യാമ്പ് പ്രവർത്തിക്കും. ആരോഗ്യവകുപ്പ്, നാഷനല്‍ ഹെല്‍ത്ത് മിഷന്‍ എന്നിവയുമായി ചേര്‍ന്ന് എരഞ്ഞിക്കല്‍, കല്ലായി, കണ്ണാടിക്കല്‍, എരഞ്ഞിപ്പാലം, ബേപ്പൂര്‍, കല്ലുത്താൻകടവ്, പറയഞ്ചേരി, വെളിയഞ്ചേരി പാടം എന്നിവിടങ്ങളിലാണ് ഉച്ചക്ക് രണ്ടു മുതല്‍ അഞ്ചുവരെയാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുക. അടുത്ത ദിവസങ്ങളില്‍ സ്വകാര്യ ആശുപത്രികളുമായി ചേര്‍ന്ന് കൂടുതല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.