കോഴിക്കോട്: പ്രളയത്തിലകപ്പെട്ടവർക്ക് കൈത്താങ്ങാകാൻ എൽ.ഐ.സി ഇൻഷുറൻസ് വാരം തുടങ്ങിയതായി അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വാരാചരണത്തിലൂടെ സംസ്ഥാനത്ത് പ്രളയബാധിതർക്ക് ഇൻഷുറൻസുമായി ബന്ധപ്പെട്ട സേവനം നൽകും. ഇൻഷുറൻസ് ക്ലെയിം ഉണ്ടെങ്കിൽ തുക എത്രയും വേഗം ലഭ്യമാക്കാൻ നിബന്ധനകളിൽ ഇളവ് വരുത്തും. എൽ.ഐ.സിയുടെ എല്ലാ ബ്രാഞ്ചിലും പ്രളയവുമായി ബന്ധപ്പെട്ട സേവനങ്ങൾക്കായി പ്രത്യേക കൗണ്ടർ ഒരുക്കും. ഇൻഷുറൻസ് രേഖകൾ നഷ്ടപ്പെട്ടവർക്ക് രേഖകൾ ലഭ്യമാക്കാനും ഈ ഹെൽപ് ഡെസ്കിലൂടെ സാധിക്കും. ഓരോ ജില്ലയിലും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി നോഡൽ ഓഫിസർമാരെ നിയോഗിച്ചിട്ടുണ്ട്. ശനിയാഴ്ച മുതൽ സെപ്റ്റംബർ ഏഴുവരെയാണ് വാരാചരണം. ശനിയാഴ്ച 62 വയസ്സ് പൂർത്തിയാവുന്ന എൽ.ഐ.സിക്ക് 28 ലക്ഷം കോടിയിലേറെ ആസ്തിയും 26 ലക്ഷം കോടിയോളം കരുതൽ നിധിയുമുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലായി വ്യാപിച്ച എൽ.ഐ.സി കോഴിക്കോട് ഡിവിഷൻ ദക്ഷിണമേഖലയിൽ ഒന്നാം സ്ഥാനത്താണ്. ഉന്നതശ്രേണിയിലുള്ള വ്യക്തികൾക്കായി മിനിമം ഒരുകോടി രൂപ ഇൻഷുറൻസ് തുകയുള്ള ജീവൻ ശിരോമണി പദ്ധതിയുടെ വിപണനത്തിൽ രാജ്യത്തെ ഒന്നാം സ്ഥാനം കോഴിക്കോടിനാണ്. 2017 -18 സാമ്പത്തിക വർഷത്തിൽ ഡിവിഷൻ 3,73,165 പോളിസികളിലായി 1456.71 കോടി രൂപയുടെ കാലാവധിയായ ക്ലെയിമുകളും 4793 പോളിസികളിലായി 55.94 കോടിയുടെ മരണാനന്തര ക്ലെയിമുകളും നൽകിയിട്ടുണ്ട്. ഒക്ടോബർ 15 വരെ നടക്കുന്ന പോളിസി പുതുക്കൽ തീവ്രയജ്ഞത്തിലൂടെ മുടങ്ങിക്കിടക്കുന്ന പോളിസികൾ പലിശയിളവോടെ പുതുക്കാനാവുെമന്നും അധികൃതർ അറിയിച്ചു. സീനിയർ ഡിവിഷനൽ മാനേജർ വി.എസ്. മധു, മാർക്കറ്റിങ് മാനേജർമാരായ കെ.കെ. ബിജുമോൻ, എസ്. പ്രേംകുമാർ, സെയിൽസ് മാനേജർ പി.കെ മൊയ്തീൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.