കട്ടിപ്പാറ കരിഞ്ചോലമല ഉരുള്‍പൊട്ടല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും ദുരിതബാധിതര്‍ക്ക്​ വീട്ടുവാടക നല്‍കിയില്ലെന്ന് ആക്ഷേപം

താമരശ്ശേരി: കട്ടിപ്പാറ കരിഞ്ചോലമല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് മാസങ്ങള്‍ പിന്നിട്ടിട്ടും വീട്ടുവാടക നല്‍കിയില്ലെന്ന് പരാതി. ഉരുള്‍പൊട്ടലില്‍ വീടും വീട്ടുപകരണങ്ങളുമെല്ലാം നഷ്ടപ്പെട്ട് വാടകവീട്ടില്‍ കഴിയുന്നവര്‍ക്കാണ് ഈ ഗതി. ഇക്കഴിഞ്ഞ ജൂണ്‍ 14നുണ്ടായ കരിഞ്ചോലമല ഉരുള്‍പൊട്ടലില്‍ 14 ജീവനുകളാണ് പൊലിഞ്ഞത്. ഹെക്ടര്‍കണക്കിന് കൃഷിയും കൃഷിയിടവും നശിച്ചു. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് താല്‍ക്കാലിക താമസത്തിനായി റവന്യൂ വകുപ്പ് അധികൃതരുടെയും ഗ്രാമപഞ്ചായത്തി​െൻറയും നേതൃത്വത്തില്‍ വാടകവീട് എടുത്തു നല്‍കിയിരുന്നു. ഇങ്ങനെ വാടക ഇനത്തിലുള്ള പണം നല്‍കാത്തതാണ് ദുരിതബാധിതരായ താമസക്കാരെയും വീട് വാടകക്ക് നല്‍കിയവരെയും പ്രയാസത്തിലാക്കിയത്. വാടക നൽകാനാകാത്തത് ഏറെ പ്രയാസം സൃഷ്ടിക്കുന്നതായി ദുരിതബാധിതര്‍ പറഞ്ഞു. ജില്ല കലക്ടറുടെ തീരുമാന പ്രകാരമാണ് വീടുകള്‍ വാടകക്കെടുത്ത് നല്‍കിയതെന്നും റവന്യൂ വകുപ്പിനാണ് അതിനുള്ള ഉത്തരവാദിത്തമെന്നും കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നിധീഷ് കല്ലുള്ളതോട് പറഞ്ഞു. അതേസമയം, ദുരിതബാധിതരെ താമസിപ്പിച്ച വീടുകളുടെ വാടക സംബന്ധിച്ച കൃത്യമായ റിപ്പോര്‍ട്ട് ജില്ല കലക്ടര്‍ക്ക് അയച്ചിട്ടുണ്ടെന്നും തുക ഉടന്‍ ലഭ്യമാക്കുമെന്നും െഡപ്യൂട്ടി തഹസില്‍ദാര്‍ ഷിബു പറഞ്ഞു. ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായവും സ്ഥലവും വീടും നഷ്ടപ്പെട്ടവര്‍ക്ക് ആദ്യ ഗഡുവും മാത്രമേ ഇതുവരെ വിതരണം ചെയ്തിട്ടുള്ളൂ. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് വീടുവെക്കുന്നതിന് അനുയോജ്യ സ്ഥലം കണ്ടെത്താന്‍പോലും സാധിച്ചിട്ടില്ല. ഏക്കര്‍കണക്കിന് കൃഷിഭൂമി നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് മാസങ്ങള്‍ പിന്നിട്ടിട്ടും ഒരു നഷ്ടപരിഹാരവും വിതരണം ചെയ്തിട്ടില്ല. കരിഞ്ചോല -എട്ടേക്ര റോഡ് പുനര്‍നിർമാണവും എങ്ങുമെത്തിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.