അശാസ്ത്രീയ ടാറിങ്; രാമനാട്ടുകര-തൊണ്ടയാട് ബൈപാസിൽ ഗതാഗതം തടസ്സപ്പെട്ടത് മണിക്കൂറുകൾ രാമനാട്ടുകര: തിരക്കേറിയ രാമനാട്ടുകര-തൊണ്ടയാട് ബൈപാസിൽ പകൽ സമയത്ത് നടത്തിയ ടാറിങ് മണിക്കൂറുകൾ വാഹന ഗതാഗതം തടസ്സപ്പെടുത്തി. കരിപ്പൂർ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരടക്കം കുടുങ്ങി. തിരക്കേറിയ റോഡിൽ വാഹനങ്ങളെ ഗതി തിരിച്ചുവിടുന്നതിൽ അധികൃതർ പരാജയപ്പെട്ടു. ഇതു കാരണം ബൈപാസിലെ അനുബന്ധ റോഡുകളിലും രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടായി. രാമനാട്ടുകര-എയർപോർട്ട്, ബൈപാസ് -വൈദ്യരങ്ങാടി, രാമനാട്ടുകര-പാറമ്മൽ, പാറമ്മൽ -അഴിഞ്ഞിലം, അഴിഞ്ഞിലം-ഫാറൂഖ് കോളജ്, ഫാറൂഖ് കോളജ്-പരുത്തിപ്പാറ, രാമനാട്ടുകര-ചുങ്കം, ബൈപാസ്-പുതുക്കോട് എന്നീ റോഡുകളിലൊക്കെ ഗതാഗതതടസ്സം നേരിട്ടു. ബൈപാസ് സ്തംഭിച്ചതോടെ വാഹനങ്ങൾ തലങ്ങും വിലങ്ങും പോക്കറ്റ് റോഡിലേക്ക് പ്രവേശിക്കുകയായിരുന്നു. തിരക്കേറിയ റോഡിൽ അറ്റകുറ്റപ്പണി നടത്തുമ്പോൾ വേണ്ടത്ര മുൻകരുതലെടുക്കാത്തതാണ് കാരണമായത്. മാസങ്ങളായി രാമനാട്ടുകര ബൈപാസിൽ ഗതാഗത സ്തംഭനം തുടങ്ങിയിട്ട്. അറപ്പുഴ പാലത്തിൽ ടാറിങ് പൂർണമായും തകർന്നതിനാൽ പാലത്തിൽ വാഹനങ്ങൾ വേഗം കുറക്കുന്നതു ഗതാഗതക്കുരുക്കിന് കാരണമാകാറുണ്ട്. ബൈപാസ് ജങ്ഷനിൽ മേൽപാല പ്രവൃത്തി നടക്കുന്നതിനാൽ ഇവിടെയും ഗതാഗത സ്തംഭനം തുടർക്കഥയാണ്. രാവിലെ തുടങ്ങിയ ഗതാഗതക്കുരുക്ക് രാത്രി ഏറെ വൈകിയാണ് അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.