ആഭ്യന്തര വകുപ്പിനെക്കുറിച്ചുതന്നെ

2017 മാർച്ച് 10ന് ഞങ്ങൾ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തി​െൻറ തലക്കെട്ട് ഇങ്ങനെയായിരുന്നു: 'ആഭ്യന്തര വകുപ്പ് നിശ്ചയമായും പരാജയമാണ്'. പാലക്കാട് വാളയാറിൽ വ്യത്യസ്ത ദിവസങ്ങളിലായി സഹോദരിമാർ ഉൾപ്പെടെ മൂന്നു പെൺകുട്ടികൾ ലൈംഗിക അതിക്രമത്തിന് ഇരയായതിനെ തുടർന്ന് ആത്്മഹത്യ ചെയ്യാനിടയായ സംഭവത്തി​െൻറ പശ്ചാത്തലത്തിലാണ് ആ മുഖപ്രസംഗം എഴുതുന്നത്. അവിടെ, ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട ആദ്യ സംഭവത്തിൽ പൊലീസ് വേണ്ടവിധം ഇടപെട്ടിരുന്നെങ്കിൽ മറ്റ് ആത്്മഹത്യകൾ സംഭവിക്കില്ലായിരുന്നു. വാളയാർ സംഭവം മാത്രമല്ല, പൊലീസി​െൻറ ഭാഗത്തുനിന്ന് തുടരത്തുടരെ വീഴ്ചകളുണ്ടായിക്കൊണ്ടിരിക്കെ ആഭ്യന്തര വകുപ്പിനെക്കുറിച്ച വ്യാപക പരാതികളുടെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു ആ വിമർശനം. ഞങ്ങൾ മാത്രമല്ല, പിണറായി വിജയൻ സർക്കാറിനെ നിഷ്പക്ഷമായി വിലയിരുത്തുന്ന എല്ലാവരും ആഭ്യന്തര വകുപ്പിന് സംഭവിക്കുന്ന പരാജയത്തെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ടായിരുന്നു. ഇപ്പോൾ, സർക്കാർ രണ്ടാം വാർഷികം ആഘോഷിക്കുമ്പോൾ അതേ ആഭ്യന്തര വകുപ്പിനെക്കുറിച്ചുള്ള പരാതികളും വിമർശനങ്ങളുംതന്നെയാണ് സർക്കാറി​െൻറ പ്രതിച്ഛായക്ക് ഏറ്റവും കൂടുതൽ മങ്ങലേൽപിക്കുന്നത്. മന്ത്രിസഭക്ക് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പുതന്നെ നിരന്തരം ചീത്തപ്പേര് കേൾപ്പിക്കുമ്പോൾ മറ്റു വകുപ്പുകളുടെ ഭാഗത്തുനിന്നുണ്ടാവുന്ന മികച്ച പ്രകടനം പോലും ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്. ഏറ്റവും ഒടുവിൽ, കോട്ടയത്ത് മിശ്രവിവാഹിതനായ കെവിൻ എന്ന ചെറുപ്പക്കാരനെ തട്ടിക്കൊണ്ടുപോയി കൊന്ന സംഭവവും അതിൽ പൊലീസി​െൻറ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയുമാണ് ആഭ്യന്തര വകുപ്പിനെ വിമർശനങ്ങളുടെ മുൾമുനയിൽ നിർത്തുന്നത്. പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകത്തി​െൻറ പശ്ചാത്തലത്തിലാണ് കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പ് നടക്കുന്നതും ഇടതുപക്ഷം അധികാരത്തിൽ വരുന്നതും. അധികാരത്തിൽ വന്നയുടൻ ജിഷയുടെ ഘാതകനെ പിടികൂടാൻ കഴിഞ്ഞത് സർക്കാറിന് വലിയ ആത്്മവിശ്വാസം നൽകുന്നതായിരുന്നു. അതിലുമപ്പുറം, ആഭ്യന്തര വകുപ്പ് കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന പ്രതീക്ഷ വ്യാപകമായുണ്ടായിരുന്നു. അതിന് കാരണവുമുണ്ട്. പൊലീസ് മന്ത്രിക്കുണ്ടാവേണ്ട വ്യക്തിത്വ സവിശേഷതകൾ ആവോളമുള്ള ആളാണ് അദ്ദേഹം. നിശ്ചയദാർഢ്യം, ആജ്ഞാശക്തി, ധീരത എല്ലാം ചേർന്ന ഉരുക്കുമനുഷ്യൻ എന്നതാണ് അദ്ദേഹത്തി​െൻറ പ്രതിച്ഛായ. എന്നാൽ, പൊലീസി​െൻറ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിശകലനം ചെയ്യുമ്പോൾ, സേനയുടെ പൊതുവായ അവസ്ഥയിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചില്ല എന്നു മാത്രമല്ല, അബദ്ധങ്ങളുടെ പരമ്പരതന്നെ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ, ഈ വിമർശനങ്ങളെ ഇനിയും തിരിച്ചറിയാൻ കഴിയാത്ത ഒരേയൊരാൾ അദ്ദേഹംതന്നെയായിരിക്കും. മാധ്യമങ്ങൾക്കു നേരെ കടുത്ത വിമർശനങ്ങളുന്നയിച്ചുകൊണ്ട് വിമർശനങ്ങളെ മറികടക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അതാകട്ടെ, കാര്യങ്ങളെ കൂടുതൽ വഷളാക്കിക്കൊണ്ടിരിക്കുകയാണ്. സർക്കാറി​െൻറ രണ്ടാം വാർഷികം പ്രമാണിച്ച് ചൊവ്വാഴ്ച കൊല്ലത്ത് നടന്ന പൊതുയോഗത്തിൽ നടത്തിയ പ്രഭാഷണത്തിലും ബുധനാഴ്ച മന്ത്രിസഭ യോഗത്തിനു ശേഷം നടത്തിയ വാർത്തസമ്മേളനത്തിലും മാധ്യമങ്ങളെ ആക്രമിക്കാനാണ് അദ്ദേഹം സമയം കണ്ടെത്തിയത്. ത​െൻറ ആജ്ഞാശക്തിയും കരുത്തുമെല്ലാം പൊലീസിനെ നന്നാക്കാനല്ല, മാധ്യമങ്ങളെ ശരിയാക്കാനാണ് അദ്ദേഹം ഉപയോഗപ്പെടുത്തുന്നതെന്ന് തോന്നുന്നു. കടുത്ത ഭക്തരായ അനുയായികൾക്ക് ആത്്മരതി കൊള്ളാൻ ഇത് ഉപകരിക്കുമായിരിക്കും. പക്ഷേ, സർക്കാറി​െൻറ പ്രതിച്ഛായയെയാണ് ഇത് ഗുരുതരമായി ബാധിക്കുന്നതെന്ന് ഇടതുപക്ഷ നേതൃത്വം മനസ്സിലാക്കുന്നത് നന്നായിരിക്കും. മുഖ്യമന്ത്രി പിണറായി വിജയ​െൻറ പരാജയങ്ങൾ ചൂണ്ടിക്കാട്ടാനും തിരുത്താനും കെൽപ്പുള്ള ആളുകൾ സി.പി.എമ്മിനകത്ത് ഇല്ല എന്നത് വസ്തുതയാണ്. 16 വർഷം പാർട്ടി സെക്രട്ടറിയായി പ്രവർത്തിച്ച അദ്ദേഹം പാർട്ടിക്കകത്ത് നേടിയെടുത്ത അപ്രമാദിത്വമാണ് അചോദ്യ വ്യക്തിത്വമാക്കി അദ്ദേഹത്തെ മാറ്റിയത്. അകമേ വിയോജിപ്പുകളുള്ളവർക്കു പോലും പുറമേക്ക് അത് പ്രകടിപ്പിക്കാൻ പറ്റാത്ത സാഹചര്യമുണ്ട്. അതായത്, കാര്യങ്ങൾ ഈ മട്ടിൽതന്നെയാണ് പോവുന്നതെങ്കിൽ അത് സർക്കാറിനും ഇടതുപക്ഷ മുന്നണിക്കും വലിയ നഷ്ടങ്ങൾ ഉണ്ടാക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ഇടതുപക്ഷത്തി​െൻറ പൊലീസ് നയം തത്ത്വത്തിൽ ജനാധിപത്യപരവും പുരോഗമനപരവുമാണ് എന്നതിൽ സംശയമില്ല. എന്നാൽ, പ്രയോഗത്തിൽ അതിന് വിപരീതമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതാണ് പ്രശ്നം. കെവിൻ കൊലപാതകം പുറത്തുവന്ന അതേ ദിവസംതന്നെയാണ് മംഗലാപുരത്തെ സംഘ്പരിവാർ കേന്ദ്രത്തിൽ തടവിൽ കഴിഞ്ഞ ഗുരുവായൂർകാരിയായ യുവതി പരാതിയുമായി ഡി.ജി.പിയെ ചെന്നു കണ്ടത്. ഇതര മതസ്ഥനായ ചെറുപ്പക്കാരനെ പ്രണയിച്ചതി​െൻറ പേരിലാണ് ഒന്നര വർഷത്തോളം ആ യുവതി കൊടിയ പീഡനത്തിന് ഇരയായത്. അവരുടെ പരാതിയിൽ കേസെടുത്ത് ബന്ധപ്പെട്ടവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുകയായിരുന്നു പൊലീസ് ചെയ്യേണ്ടിയിരുന്നത്. അതുണ്ടായില്ലെന്നു മാത്രമല്ല, അവരുടെ പരാതി സ്വീകരിക്കാൻ പോലും ഡി.ജി.പി സന്നദ്ധമായില്ല എന്നു വരുമ്പോൾ പൊലീസ് തലപ്പത്ത് മുതൽ പ്രശ്നങ്ങളുണ്ടെന്നുതന്നെയാണ് വിലയിരുത്തേണ്ടത്. പൊലീസ് നയത്തിലല്ല, പൊലീസ് ഭരണ നിർവഹണത്തിൽതന്നെയാണ് പ്രശ്നം എന്നാണിത് കാണിക്കുന്നത്. അതിനാൽ, ഭരണ നിർവഹണത്തി​െൻറ ഉത്തരവാദിത്തമുള്ളവർ തിരുത്തിയേ മതിയാവൂ. വിമർശനങ്ങളുന്നയിക്കുന്നവരെ ചീത്തവിളിച്ചതുകൊണ്ട് ഒരു കാര്യവുമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.