വിപണി കീഴടക്കി ഈത്തപ്പഴം

റമദാൻ വിശേഷം.................. കോഴിക്കോട്: റമദാൻ പിറവിയോടൊപ്പം ഈത്തപ്പഴ വിപണിയും കോഴിക്കോട് നഗരത്തിൽ സജീവമായി. നോമ്പുതുറയിലെ ഒഴിച്ചുകൂടാനാവാത്ത ഈത്തപ്പഴത്തെയും കാരക്കയെയും തേടി ആളുകൾ കടകളിലെത്തുകയാണ്. വലിയങ്ങാടിയാണ് നഗരത്തിലെ ഈത്തപ്പഴ വിപണിയിൽ പ്രധാനയിടം. മറ്റുപലയിടങ്ങളിലും പഴക്കടകളിലും മേളകളിലുമായി വിൽപന പൊടിപൊടിക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ വിലക്കുറവുണ്ട്. ഉൽപാദനം കൂടിയതായിരിക്കാം ഇതിനു പിന്നിലെന്ന് വ്യാപാരികൾ വിലയിരുത്തുന്നു. ഇറാൻ കാരക്കയുടെ അഞ്ച് കിലോ വരുന്ന പെട്ടിക്ക് 650 രൂപയോളമായിരുന്നു കഴിഞ്ഞ വർഷത്തെ വിലയെങ്കിൽ ഇത്തവണ 500 രൂപയായിട്ടുണ്ട്. സൗദിഅറേബ്യ, ജോർഡൻ, ഇറാൻ, ഒമാൻ, തുനീഷ്യ, ഇറാഖ്, അൾജീരിയ, ഫലസ്തീൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നാണ് ഈത്തപ്പഴങ്ങൾ ഇറക്കുമതി ചെയ്യുന്നത്. സൗദി പഴങ്ങൾക്കും ഇറാനി പഴങ്ങൾക്കുമാണ് ജനപ്രീതി കൂടുതലുള്ളത്. ഈത്തപ്പഴങ്ങളുടെ രാജാവായ മെഡ്ജോളും വിശുദ്ധ ഈത്തപ്പഴമായ അജ്്വയും പതിവുപോലെ വിപണിയിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു. 99 രൂപ മുതൽ ആയിരങ്ങൾ വരെ വിലവരുന്ന ഈത്തപ്പഴ വൈവിധ്യങ്ങൾ ലഭ്യമാണ്. സുക്കരി എന്ന മധുരമേറിയ ഈത്തപ്പഴത്തിനും ആവശ്യക്കാർ ഏറെയാണ്. ഇറാനിയൻ ഈത്തപ്പഴങ്ങളായ മസാഫദി, റബ്ബീ തുടങ്ങിയവ ആളുകൾ ഏറെ വാങ്ങുന്നുണ്ട്. മെഡ്ജോളിന് മൊത്തവിപണിയിൽ 1000 രൂപയും അജ്്വക്ക് 1100 രൂപയുമാണ് വില. ഈത്തപ്പഴവും കാരക്കയും പോലെ അണ്ടിപ്പരിപ്പ്, ബദാം, ഉണക്കമുന്തിരി, പിസ്ത തുടങ്ങിയ പഴങ്ങളും കിവി, ആപ്രികോട്ട്, അത്തി തുടങ്ങിയവയും വിൽപനയിൽ മുന്നിൽ നിൽക്കുന്നു. ദിവസങ്ങൾക്കുമുമ്പാണ് വലിയങ്ങാടിയിലുൾെപ്പടെ ഈത്തപ്പ‍ഴ വിപണി ഉണർന്നത്. ജി.എസ്.ടി ചെറിയതോതിൽ വ്യാപാരത്തെ ബാധിച്ചിട്ടുണ്ടെങ്കിലും ദിവസങ്ങൾക്കകം കച്ചവടം വർധിക്കുമെന്നാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.