കോഴിക്കോട്: ആട്ടവും പാട്ടും ഉച്ചയൂണുമായി കാടിെൻറ മക്കളായ ഒരുകൂട്ടം കുരുന്നുകൾ ജില്ല കലക്ടറുടെ വീട്ടിൽ ഒത്തുചേർന്നു. സത്യസായി ഓർഫനേജ് ട്രസ്റ്റ് ജില്ല ഘടകത്തിെൻറ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വേനൽമഴ അവധിക്കാല ക്യാമ്പിെൻറ ഭാഗമായാണ് ആദിവാസി കുരുന്നുകൾ കലക്ടർ യു.വി. ജോസിെൻറ വസതിയിൽ ഏറെനേരം ചെലവഴിച്ചത്. തുഷാരഗിരി പാത്തിപ്പാറ ആദിവാസി കോളനിയിലെ 20 കുട്ടികളാണ് ക്യാമ്പിലുള്ളത്. വെസ്റ്റ്ഹില്ലിലെ കലക്ടറുടെ വസതിയിൽ രാവിലെ 11 മുതൽ മൂന്നുവരെയായിരുന്നു ഒത്തുചേരൽ. പാട്ടും നൃത്തവും കഥപറയലുമായി അവർ സന്തോഷനിമിഷങ്ങൾ പങ്കുവെച്ചു. അവരുടെ സന്തോഷത്തെ ആസ്വദിച്ചും കളിചിരികൾ പങ്കുവെച്ചും കലക്ടർ യു.വി. ജോസും ഭാര്യ പീസമ്മയും ഒപ്പംചേർന്നു. കുട്ടികളുടെ അമ്മമാരും ക്യാമ്പ് അധികൃതരുമുൾെപ്പടെ 35ഓളം ആളുകളാണ് കലക്ടറുടെ വീട്ടിലെ ദിനം അവിസ്മരണീയമാക്കിയത്. ഉച്ചയായപ്പോൾ ചിക്കൻ ബിരിയാണി, ഐസ്ക്രീം, പഴങ്ങൾ ഉൾെപ്പടെ വിഭവസമൃദ്ധമായ ഭക്ഷണവും ഒരുങ്ങി. എല്ലാവർക്കും വിളമ്പിക്കൊടുത്തും ഒപ്പമിരുന്ന് കഴിച്ചും കലക്ടർ കൂട്ടുചേർന്നു. ഈസ്റ്റ് ഹിൽ ട്രൈബൽ ഹോസ്റ്റലിലെ ക്യാമ്പിൽവെച്ച് കുട്ടികൾ തന്നെ ഉണ്ടാക്കിയ ബൊക്കെ നൽകിയാണ് അവർ കലക്ടറോടുള്ള സ്നേഹം പ്രകടിപ്പിച്ചത്. ഏപ്രിൽ ഒമ്പതിനാണ് ട്രൈബൽ ഹോസ്റ്റലിൽ വേനൽമഴ ക്യാമ്പ് തുടങ്ങിയത്. രണ്ടാം ക്ലാസുകാരിയായ അനുമോൾ മുതൽ ഒമ്പതാംക്ലാസ് പൂർത്തിയാക്കിയ ബിന്ദുവരെ ഇക്കൂട്ടത്തിലുണ്ട്. 50 ദിവസം നീളുന്ന ക്യാമ്പാണിത്. ക്യാമ്പിൽ പങ്കെടുക്കുന്ന അഞ്ചാംക്ലാസ് മുതലുള്ള കുട്ടികൾ ഇതേ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്നവരാണ്. പാട്ട്, നൃത്തം, കരാേട്ട, ചിത്രരചന, പൂനിർമാണം, ചന്ദനത്തിരി നിർമാണം, തയ്യൽ പരിശീലനം, വിനോദയാത്ര, ബോധവത്കരണ ക്ലാസുകൾ തുടങ്ങിയ വിഭവങ്ങളുമായാണ് വേനൽ ക്യാമ്പ് കുട്ടികൾക്കായി ഒരുങ്ങിയത്. ട്രസ്റ്റ്് ജില്ല സെക്രട്ടറി എം.എസ്. ഷാജി, ഭാര്യ ബീന ഷാജി തുടങ്ങിയവരുടെ നേതൃത്വത്തിൽ തുടർച്ചയായ മൂന്നാംവർഷമാണ് ആദിവാസി കുട്ടികൾക്കായി ക്യാമ്പ് സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.