കോടഞ്ചേരി സംഭവം: നിരപരാധിത്വം തെളിയിക്കാൻ നുണപരിശോധന നടത്തണമെന്ന്​

കോഴിക്കോട്: കോടഞ്ചേരി തേനാംകുഴിയിൽ സിബി, ഭാര്യ ജ്യോത്സന എന്നിവരെ മർദിക്കുകയും ഗർഭസ്ഥശിശു കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിൽ തങ്ങൾ നിരപരാധികളാണെന്ന് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഏഴുപേരില്‍ ഒരാളായ നക്കിളിക്കാട്ട് കുടിയില്‍ സരസു. നിരപരാധിത്വം തെളിയിക്കാൻ ജ്യോത്സനയെയും ഭർത്താവ് സിബിയെയും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടവരെയും നുണപരിശോധനക്ക് വിധേയമാക്കണമെന്നും അവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സംഭവം നടക്കുന്നതിനു മുമ്പുണ്ടായ വീഴ്ചയാവാം ഗര്‍ഭസ്ഥശിശു മരിക്കാനിടയായതെന്നും അവർ ആരോപിച്ചു. ജ്യോത്സനയുടെ ഭര്‍ത്താവ് സിബിയുമായി അതിര്‍ത്തി തര്‍ക്കം നിലനിന്നിരുന്നു. എന്നാല്‍, മോശമായ പെരുമാറ്റത്തെ തുടര്‍ന്ന് സിബിയോട് കര്‍ശനമായി പെരുമാറിയതാണ് വൈരാഗ്യത്തിനു കാരണം. സംഭവം നടക്കുന്നതിന് ദിവസങ്ങൾ മുമ്പ് തന്നെയും മകൻ പ്രജീഷിനെയും സിബി അടിച്ചുപരിക്കേൽപിച്ചിരുന്നു. കൂടാതെ ഇളയമകൻ പ്രമേഷിനെതിരെ ഇല്ലാത്ത കാര്യം ആരോപിച്ച് പീഡനക്കേസ് നൽകുകയും ചെയ്തു. സിബിക്കെതിരെ കോടഞ്ചേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ചവിേട്ടറ്റു ഗർഭസ്ഥശിശു കൊല്ലപ്പെട്ടുവെന്ന ആരോപണം വ്യാജമാണെന്നും ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും സരസു പറഞ്ഞു. കോടഞ്ചേരി സംഭവത്തിൽ സരസുവിനെയും മകൻ പ്രജീഷ്, സി.പി.എം കാഞ്ഞിരാട് ബ്രാഞ്ച് സെക്രട്ടറി തെറ്റാലിയൻ തമ്പി എന്നിവരടക്കം ഏഴു പേരെയും പൊലീസ് പ്രതിചേർത്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.