ചെങ്ങോടുമല: പാരിസ്ഥിതികാനുമതി പുനഃപരിശോധിക്കണമെന്ന് വനം വകുപ്പ്

പേരാമ്പ്ര: കോട്ടൂർ പഞ്ചായത്തിലെ ചെങ്ങോടുമലയിൽ ക്വാറി തുടങ്ങാൻ ജില്ല പാരിസ്ഥിതികാഘാത നിർണയ സമിതി (ഡി.ഇ.െഎ.എ.എ) നൽകിയ അനുമതി പുനഃപരിശോധിക്കണമെന്ന് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ സുനിൽ കുമാർ ജില്ല കലക്ടർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. ഖനനത്തിനെതിരെ ചെങ്ങോടുമല സംരക്ഷണവേദി നൽകിയ നിവേദനത്തിൽ പ്രാഥമികാന്വേഷണം നടത്തിയപ്പോൾ ഈ പ്രദേശത്ത് ഖനനം പാരിസ്ഥിതികാഘാതമുണ്ടാക്കുമെന്ന് ബോധ്യപ്പെട്ടതായി ഡി.എഫ്.ഒ കത്തിൽ പറയുന്നു. ഖനന പ്രവർത്തനങ്ങൾ ജൈവവൈവിധ്യം നശിപ്പിക്കുന്നതിനും നീർമറി പ്രദേശത്തി​െൻറ ശോഷണത്തിനും കാരണമാവും. കൂടാതെ നൈസർഗിക ജലസംരക്ഷണത്തേയും പ്രതികൂലമായി ബാധിക്കും. ഈ പ്രദേശത്തെ ഖനനത്തിനായുള്ള അപേക്ഷ ജില്ല പരിസ്ഥിതി നിർണയ സമിതി (ഡി.ഇ.എ.സി) മുമ്പാകെ വന്നതിനെ തുടർന്നാണ് പ്രദേശത്ത് പരിശോധന നടത്തിയത് ഏതാനും ചിലർ മാത്രമാണ്. കമ്മിറ്റിയിലെ അംഗങ്ങളായ സി.ഡബ്ല്യു.ആർ.ഡി.എ, ഇസെഡ്.എസ്.ഐ എന്നീ സ്ഥാപനങ്ങളിലെ വിദഗ്ധരോ ജലസംരക്ഷണം, വനസംരക്ഷണം തുടങ്ങിയ മേഖലകളിൽ പ്രാവീണ്യമുള്ളവരോ ഇല്ലാതെയാണ് പരിശോധന നടത്തിയത്. ഈ പ്രദേശത്തി​െൻറ പരിസ്ഥിതി പ്രാധാന്യമോ മണ്ണ്-ജല സംരക്ഷണത്തിൽ പ്രദേശത്തി​െൻറ സംഭാവനകളോ പരിഗണിക്കാതെയാണ് ഡി.ഇ.എ.സി ഈ അപേക്ഷയിൽ ഖനനാനുമതിക്ക് ശിപാർശ ചെയ്തതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഏതൊരു പ്രദേശത്തി‍​െൻറയും പാരിസ്ഥിതിക പ്രാധാന്യം സൂക്ഷ്മമായി പരിശോധിക്കുന്നതിനാണ് 1986ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം വിദഗ്ധരെ ഉൾപ്പെടുത്തി ഡി.ഇ.എ.സി രൂപവത്കരിച്ചത്. എന്നാൽ, ഈ നിയമം വിഭാവനം ചെയ്യുന്നതുപോലുള്ള തരത്തിൽ ഈ പ്രദേശത്ത് പരിശോധന നടത്താത്തതിനാൽ ഖനനാനുമതി റദ്ദാക്കണമെന്നാണ് ഡി.എഫ്.ഒ ആവശ്യപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.