ആ​തി​ര​യെ​ക്കു​റി​ച്ച് ആ​രും സം​സാ​രി​ക്കാ​ത്ത​തെ​ന്ത്?

മലപ്പുറം ജില്ലയിലെ അരീക്കോട് പത്തനാപുരം പൂവത്തിക്കണ്ടി പാലത്തിങ്ങൽ വീട്ടിൽ രാജ​െൻറ മകൾ ആതിര (22) അച്ഛ​െൻറ കുത്തേറ്റ് മരിച്ചത് മാര്‍ച്ച് 22, വ്യാഴാഴ്ചയാണ്. അതായത്, സംഭവം നടന്നിട്ട് ഒരാഴ്ചയാകാറായി. മാർച്ച് 23ന് ആതിരയുടെ വിവാഹം നടക്കേണ്ടതായിരുന്നു. വിവാഹത്തോടുള്ള എതിർപ്പ് കാരണം അച്ഛൻതന്നെയാണ് അവളെ കുത്തിക്കൊലപ്പെടുത്തുന്നത്. കോഴിക്കോട് കൊയിലാണ്ടിക്കാരനായ, സൈന്യത്തിൽ ജോലിചെയ്യുന്ന ബ്രിജേഷ് എന്ന ചെറുപ്പക്കാരനായിരുന്നു പ്രതിശ്രുത വരൻ. ബ്രിജേഷ് പുലയ ജാതിയിൽപെട്ടയാളാണ്. ആതിര തിയ്യ ജാതിയിൽപ്പെട്ട ആളും. പുലയ വിഭാഗത്തിൽപ്പെട്ടയാളുമായുള്ള മകളുടെ പ്രണയത്തിൽ അച്ഛന്‍ രാജന് എതിര്‍പ്പുണ്ടായിരുന്നു. ഇതി​െൻറ പേരിൽ വീട്ടിൽ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. ഒരു ഘട്ടത്തിൽ അരീക്കോട് പൊലീസുതന്നെ വിഷയത്തിൽ ഇടപെടുകയുണ്ടായി. പൊലീസും നാട്ടുകാരുമൊക്കെ നടത്തിയ അനുനയ ചർച്ചകളെ തുടർന്നാണ് വിവാഹം നടത്താം എന്ന തീരുമാനത്തിലെത്തുന്നത്. എന്നാൽ, വിവാഹദിവസം അടുത്തു വരുംതോറും രാജന്‍ അസ്വസ്ഥനായിരുന്നു. ഒടുവിൽ വിവാഹത്തലേന്ന് അയാള്‍ സ്വന്തം മകളെ കുത്തിമലര്‍ത്തി. ഉത്തരേന്ത്യയിലൊക്കെ കേട്ടു പരിചയമുള്ള ദുരഭിമാനക്കൊല തന്നെ. താഴ്ന്ന ജാതിക്കാരന് മകളെ വിവാഹം കഴിപ്പിച്ചു കൊടുത്താൽ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പരിഹാസം കേൾക്കേണ്ടിവരും എന്നതിനാലാണ് ഈ കടുംകൈ ചെയ്തതെന്ന് രാജൻ പൊലീസിന് മൊഴി നൽകിയതായാണ് വാർത്തകൾ. പക്ഷേ, കൗതുകകരമായ കാര്യം അതല്ല. ഇത്ര ഹീനമായ ആ കൊലപാതകത്തോട് എത്ര അലസമായിട്ടാണ് കേരളത്തിലെ രാഷ്ട്രീയ, സാംസ്കാരിക സമൂഹം പ്രതികരിച്ചത് എന്നതാണത്. എം.എൽ.ടി ബിരുദം കഴിഞ്ഞ് ലാബ് ടെക്നീഷ്യനായി ജോലിചെയ്യുകയായിരുന്നു ആതിര. പട്ടാളത്തിൽ ജോലിചെയ്യുന്നയാളാണ് ബ്രിജേഷ്. അതായത്, സാധാരണഗതിയിൽ ഒരു പെണ്‍കുട്ടിയെ കല്യാണം കഴിച്ച് കൊണ്ടുപോയാൽ മെച്ചപ്പെട്ട ജീവിതം നൽകാനുള്ള സാഹചര്യമെല്ലാമുള്ളയാൾ. അങ്ങനെയൊരാളെ, അയാൾ ജാതിയിൽ താഴ്ന്നവനാണ് എന്ന ഒറ്റക്കാരണത്താൽ മരുമകനായി സ്വീകരിക്കാൻ ആ അച്ഛന് കഴിയുന്നില്ല. കേരളം നമ്പർ വൺ എന്ന അഹങ്കാരം പൊതു ഖജനാവിൽനിന്ന് കോടികൾ മുടക്കി പരസ്യം ചെയ്യുന്ന സർക്കാറുള്ള നാട്ടിലാണ് ഇത് സംഭവിച്ചതെന്നോർക്കണം. എന്നിട്ട് ഈ സംഭവം നടന്ന് ഇത്രയും ദിവസമായിട്ടും ത​െൻറ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പോലും ഇതിനോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി ഇതുവരെയും സന്നദ്ധമായിട്ടില്ല. പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രിയും മൗനത്തിലാണ്. മുഖ്യധാരാ രാഷ്ട്രീ പാർട്ടി നേതാക്കളാരും മിണ്ടിയിട്ടില്ല. നാട്ടാരുടെ മേൽ ഒന്നടങ്കം പുരോഗമനം അടിച്ചേൽപിക്കുന്ന ഇടതുപക്ഷ വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളും കാതടപ്പിക്കുന്ന മൗനത്തിലാണ്. കേരളം അത് ഗൗരവത്തിൽ ചർച്ചചെയ്തതേയില്ല. എന്തുകൊണ്ടാണ് ആതിരയുടെ ദാരുണമായ മരണം ചർച്ചയാവാത്തത്? ജാതിതന്നെയാണ് അതി​െൻറയും കാരണം. കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊല എന്ന് ആതിരയുടെ കൊലപാതകത്തെക്കുറിച്ച് പറയുന്നത് വലിയ ന്യൂനീകരണമാണ്. ജാതിമതിലുകളെ ഭേദിച്ച് പ്രണയിച്ചതി​െൻറ പേരിൽ കയറിലും റെയിൽവെ പാളങ്ങളിലുമെല്ലാം ജീവനൊടുക്കേണ്ടിവന്ന ഒരു പാട് പേര്‍ ഈ നാട്ടിലുണ്ട്. ജാതിദൈവങ്ങളോട് മുട്ടാന്‍ ത്രാണിയില്ലാതെ ജീവിതത്തിൽനിന്ന് ഒളിച്ചോടേണ്ടി വന്നവരാണവർ. പ്രത്യക്ഷമായ കൊലപാതകത്തിന് ഇരയാവേണ്ടി വന്ന ഹതഭാഗ്യ എന്നതുമാത്രമാണ് ആതിരയുടെ പ്രത്യേകത. അതായത്, അത്രയും ഭീകരമാണ് നമ്മുടെ ജീവിതങ്ങൾക്കുമേൽ ജാതിയുടെ അധികാരം. ആ അധികാരഘടനയുടെ പുറത്ത് കടക്കാൻ, അതിനെ ചെറുതായിപ്പോലും പരിക്കേൽപിക്കാൻ പുരോഗമനത്തി​െൻറ ബഡായി പറയുന്നവർക്കൊന്നും സാധിച്ചിട്ടില്ല. അതിനാൽ, എന്തിനാണ് ആതിര വേണ്ടാത്ത പണിക്ക് പോയത് എന്നു മാത്രമായിരിക്കും അവർ ആലോചിക്കുന്നത്. അതുകൊണ്ടുതന്നെയാണ് നിഷ്ഠുരമായ ആ കൊലപാതകത്തെ അപലപിക്കാൻ അവർ സന്നദ്ധരാവാത്തത്. എല്ലാവരും പുലർത്തുന്ന ഈ ഗാംഭീര്യമാർന്ന മൗനത്തിന് മറ്റൊരർഥവും കാണാനാവുന്നില്ല. പുരോഗമന കുടുംബങ്ങളുടെ പേരിൽ പത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വിവാഹപരസ്യങ്ങൾ ശ്രദ്ധിച്ചാൽ കേരളത്തിൽ കാര്യങ്ങളുടെ കിടപ്പറിയാൻ പറ്റും. പുരോഗമന കുടംബം എന്ന അവകാശവാദത്തിന് ശേഷം വരുന്ന വാചകം, ചില പ്രത്യേക ജാതിവിഭാഗങ്ങളുടെ പേരുപറഞ്ഞ് അവരൊഴികെ എന്ന ബ്രാക്കറ്റാണ്. ഇത്രയും കപടവും വിചിത്രവുമായ പുരോഗനവാദം കൊണ്ടുനടക്കുന്നവരാണ് നമ്മുടെ നാട്ടിൽ രാഷ്ട്രീയ, സാംസ്കാരിക നേതൃത്വം എന്നതാണ് ഖേദകരമായ സത്യം. ലളിതമായി പറഞ്ഞാൽ കാര്യമിതാണ്: ജാതിയെ പ്രഹരിക്കാന്‍ എല്ലാവർക്കും മടിയാണ്. അതിനാൽ പ്രത്യക്ഷവും പരോക്ഷവുമായ ജാതിക്കൊലപാതകങ്ങൾ ഇനിയും തുടർന്നാൽ അദ്ഭുതപ്പെടേണ്ടതില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.