ടൂറിസം പദ്ധതികൾ സാധാരണക്കാർക്ക് പ്രയോജനപ്പെടുത്തും ^മന്ത്രി കടകംപള്ളി

ടൂറിസം പദ്ധതികൾ സാധാരണക്കാർക്ക് പ്രയോജനപ്പെടുത്തും -മന്ത്രി കടകംപള്ളി കോഴിക്കോട്: വൻകിട ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും കീശ വീർപ്പിക്കാനുള്ള ഉപാധിയാണ് ടൂറിസമെന്ന പൊതുധാരണ ടൂറിസം പദ്ധതികളുടെ വ്യാപനത്തിലൂടെ സർക്കാർ മാറ്റിയെടുക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷനും കടലുണ്ടി ബ്ലോക്ക് പഞ്ചായത്തും ചേർന്ന് തുടങ്ങിയ ജലായനം ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം ഒളവണ്ണയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സമ്പന്നർക്ക് മാത്രം പ്രയോജനം ലഭിച്ചിരുന്ന ടൂറിസം മേഖലയുടെ ഗുണഫലം സാധാരണക്കാർക്കുകൂടി ലഭ്യമാക്കുകയാണ് ലക്ഷ്യം. ഉത്തരവാദിത്ത ടൂറിസത്തിലൂടെ ഒന്നരലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കും. പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിച്ചുള്ള ടൂറിസം വികസനമാണ് കേരളത്തിന് അഭികാമ്യം. കേരളത്തിലെ പരമ്പരാഗത തൊഴിലുകളെയും ഗ്രാമീണ കലാരൂപങ്ങളെയും ടൂറിസം രംഗവുമായി കോർത്തിണക്കി അവയുടെ സംരക്ഷണം ഉറപ്പാക്കും. ഉത്സവ കാലത്ത് മലബാറിലെ ഭക്ഷണ വൈവിധ്യം ഉൾപ്പെടുത്തി 'പാതിരാ പലഹാരം' തുടങ്ങിയ പാക്കേജുകൾ ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു. പി.ടി.എ. റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി പാക്കേജ് പ്രഖ്യാപനം നടത്തി. ജില്ല കലക്ടർ യു.വി. ജോസ് ജലായനം വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. ഉത്തരവാദിത്ത ടൂറിസം മിഷൻ കോഒാഡിനേറ്റർ കെ. രൂപേഷ്കുമാർ പദ്ധതി വിശദീകരിച്ചു. ഒളവണ്ണ പഞ്ചായത്ത് പ്രസിഡൻറ് കെ. തങ്കമണി ബോട്ട് യാത്ര ഫ്ലാഗ്ഓഫ് ചെയ്തു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.പി. ഹസീന, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി. റംല, ഒളവണ്ണ ഗ്രാമപഞ്ചായത്ത് അംഗം പി.എം. സൗദ, ടൂറിസം വകുപ്പ് ജോ. ഡയറക്ടർ ടി.വി. അനിതകുമാരി, സി.പി. മുസഫിർ അഹമ്മദ്, കെ. കൃഷ്ണ കുമാരി, ബിനോയ് വേണുഗോപാൽ, എസ്. ഷീല എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ. മനോജ്കുമാർ സ്വാഗതവും ഒ.പി. ശ്രീകല ലക്ഷ്മി നന്ദിയും പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ടൂറിസ്റ്റുകൾക്കായി 'കടലുണ്ടിയെ അറിയുക', 'ഫീൽ മൊഹബത്ത് വിത്ത് മാമ്പുഴ', 'ചാലിയാർ ത്രിവേണി ഗ്രാമയാത്ര', 'ഇന്നലെകളിലെ ഗ്രാമം', 'കണക്ടിങ് കൾചർ' എന്നീ അഞ്ചു പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.