തളരാത്ത മനസ്സുമായി പ്രജിത്ത് കാറോടിക്കും ഇന്ദ്രപ്രസ്ഥത്തിലേക്ക്

കോഴിക്കോട്: ഏഴ് വർഷങ്ങൾക്കുമുമ്പൊരു ഏപ്രിൽ ഒന്ന്. പ്രജിത്ത് ജയപാലി​െൻറ ജീവിതം തന്നെ മാറ്റിമറിച്ചൊരു ദിനമായിരുന്നു അത്. യൗവനത്തി​െൻറ പ്രസരിപ്പിൽ മുന്നോട്ടുകുതിച്ച അയാളെ വിധി വാഹനാപകടത്തി​െൻറ രൂപത്തിൽ ദുരന്തത്തിലേക്ക് തള്ളിയിട്ടു. എന്നാൽ, വർഷങ്ങൾക്കിപ്പുറം അതേദിനത്തിൽ ഈ യുവാവ് ത​െൻറ സ്വപ്നങ്ങൾക്ക് നിറം പകരാനൊരുങ്ങുകയാണ്. 2011 ഏപ്രിൽ ഒന്നിനു പുലർച്ച നടന്ന വാഹനാപകടത്തിൽ ശരീരം തളർന്ന ചേവരമ്പലം സ്വദേശി പ്രജിത്ത് അപകട വാർഷികത്തിന് സ്വന്തമായി കാറോടിച്ച് ഡൽഹിയിലേക്ക് യാത്ര ചെയ്യും. തൊണ്ടയാട് നടന്ന അപകടത്തിൽ നട്ടെല്ലിന് ക്ഷതമേറ്റ് ശരീരം തളർന്ന പ്രജിത്ത് പിന്നീട് മനക്കരുത്തി​െൻറയും നിശ്ചയദാർഢ്യത്തി​െൻറയും കൂട്ടുപിടിച്ചാണ് സ്വപ്നത്തിലേക്ക് വണ്ടിയോടിക്കുന്നത്. രണ്ടരവർഷം തുടർച്ചയായി ആയുർവേദ ചികിത്സയിലൂടെ ശരീരത്തിന് ചെറിയ മാറ്റം വന്നു. പിന്നീട് ഒരു ലാപ്ടോപ് വാങ്ങി സമൂഹ മാധ്യമങ്ങളിലെ സൗഹൃദ കൂട്ടായ്മകളിൽ സജീവമായി. നാലുവർഷം മുമ്പ് റേഡിയൻറ് ജുവൽസ് എന്ന ചെറിയ കമ്പനിയും തുടങ്ങി. പിന്നീട് സുഹൃത്തുക്കൾക്കൊപ്പം ചെറിയ യാത്രകൾ നടത്തി. ചികിത്സയും ഫിസിയോതെറപ്പിയും ആത്മവിശ്വാസവും പ്രജിത്തി​െൻറ ശാരീരികാവസ്ഥയിൽ കാര്യമായ മാറ്റം വരുത്തി. സഹോദരി ഭർത്താവ് രാജ സുജിത്തി​െൻറ സുഹൃത്ത് സമീർ നൽകിയ ഭാരംകുറഞ്ഞ ചക്രക്കസേര ഏറെ പ്രയോജനപ്പെട്ടു. മറ്റൊരു സുഹൃത്ത് റോബർട്ടാണ് കാറോടിക്കാൻ പ്രചോദനം നൽകിയത്. സമീറും റോബർട്ടും ശരീരം തളർന്നവരായിരുന്നു. റോബർട്ടി​െൻറ രൂപപരിവർത്തനം നടത്തിയ കാറി​െൻറ മാതൃകയിൽ ത​െൻറ മാരുതി സെലേറിയോ കാറും മാറ്റി. അങ്ങനെയാണ് ഡൽഹിയാത്രയെന്ന മോഹമുദിച്ചത്. അംഗപരിമിതരുടെ പ്രശ്നങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുക, പൊതുഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുക, നഷ്ടപ്പെട്ട ജോലിക്കുപകരം മറ്റൊന്ന് നേടിയെടുക്കുക, തന്നെപ്പോലുള്ളവർക്ക് പുറത്തിറങ്ങാൻ പ്രചോദനമാവുക തുടങ്ങി യാത്രക്കുപിന്നിൽ ലക്ഷ്യങ്ങളേറെയുണ്ട്. ഏപ്രിൽ ഒന്നിന് വെള്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്ലാം കോളജിൽനിന്ന് പുറപ്പെടുന്ന യാത്ര ജൂൺ 15ന് അവസാനിക്കും. സഹായികളായി മണികണ്ഠൻ, ലിബീഷ് എന്നിവരും ഈ 40കാരനൊപ്പമുണ്ടാവും. ഫിഷറിസ് ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ചേവരമ്പലം ഗ്രീൻവാലി െറസിഡൻറ്സ് കോളനിയിൽ നന്ദനത്തിൽ എ.പി. ജയപാല​െൻറയും തങ്കമണിയുടെയും മകനാണ് പ്രജിത്ത്. ഞായറാഴ്ച വൈകീട്ട് അഞ്ചരക്ക് ബീച്ചിൽ യാത്രയുടെ വിളംബര പരിപാടി നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.