ഫാറൂഖ് കോളജ് കവാടത്തിനു മുന്നിൽ സമരങ്ങളുടെ വേലിയേറ്റം

ഫറോക്ക്: വത്തക്കയേന്തി എസ്.എഫ്.ഐയും എ ബി.വി.പിയും. കെ.എസ്.യുവി​െൻറ ഉപവാസ സമരവും. വിദ്യാർഥി യൂനിയനുകളുടെ മുതലെടുപ്പ് രാഷ്ട്രീയത്തിനെതിരെയെന്ന പേരിൽ മറ്റൊരു വിഭാഗം വിദ്യാർഥികളുടെ പ്രതിഷേധം. എല്ലാംചേർന്ന് ഫാറൂഖ് കോളജ് പ്രധാന കവാടത്തിനു സമീപം സമരങ്ങളുടെ വേലിയേറ്റം. വിദ്യാര്‍ഥിനികളുടെ വസ്ത്രധാരണരീതിയെപ്പറ്റി അധ്യാപകന്‍ നടത്തിയ പ്രസംഗത്തിനെതിരെയും അധ്യാപകര്‍ വിദ്യാര്‍ഥികളെ മര്‍ദിച്ചതിനെതിരെയുമാണ് തിങ്കളാഴ്ച ഫാറൂഖ് കോളജില്‍ വിവിധ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധസമരം നടത്തിയത്. വസ്ത്രധാരണരീതിയെപ്പറ്റി പറഞ്ഞ ഫാറൂഖ് ട്രെയിനിങ് കോളജിലെ അധ്യാപകന്‍ ജൗഹര്‍ മുനവറിനെതിരെ നടപടിയാവശ്യപ്പെട്ട് എസ്.എഫ്.ഐ ജില്ല വനിത ഉപസമിതിയും എ.ബി.വി.പി ജില്ല കമ്മിറ്റിയും നടത്തിയ വത്തക്കയേന്തിയുള്ള പ്രതിഷേധ മാര്‍ച്ച് ഫാറൂഖ് കോളജ് പ്രവേശനകവാടമായ രാജാ ഗേറ്റിനു സമീപം പൊലീസ് തടഞ്ഞു. അധ്യാപകര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് കെ.എസ്.യു ഏകദിന ഉപവാസം നടത്തി. പരീക്ഷ കഴിഞ്ഞതി​െൻറ ആഹ്ലാദം പങ്കുവെക്കുന്നതി​െൻറ ഭാഗമായി രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ഥികള്‍ വ്യാഴാഴ്ച നടത്തിയ നിറം വാരിവിതറിയുള്ള ആഘോഷപരിപാടി തടഞ്ഞതില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ ഫറോക്ക് ഏരിയ കമ്മിറ്റിയും കെ.എസ്.യു ജില്ല കമ്മിറ്റിയും പ്രതിഷേധമായി ശരീരത്തിൽ ചായം വാരിവിതറി. ഒരു മതപ്രസംഗത്തിനിടെ, താന്‍ ഫാറൂഖ് കോളജിലെ അധ്യാപകനാണെന്നു പറഞ്ഞ് പെണ്‍കുട്ടികളുടെ വസ്ത്രധാരണരീതിയെക്കുറിച്ചും മുസ്ലിം പെണ്‍കുട്ടികളെ ഉപദേശിച്ചും ഫാറൂഖ് ട്രെയിനിങ് കോളജിലെ ജൗഹര്‍ മുനവർ എന്ന അധ്യാപക​െൻറ പ്രസംഗത്തി​െൻറ ഓഡിയോ ക്ലിപ്പുകള്‍ പുറത്തുവന്നതാണ് ഇയാൾക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് കാരണം. കൊടുവള്ളി എളേറ്റിലിലാണ് ജൗഹര്‍ മുനവര്‍ പ്രസംഗിച്ചത്. അധ്യാപകനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഏതാനും വിദ്യാര്‍ഥി സംഘടനകള്‍ സര്‍വകലാശാലക്ക് പരാതി നല്‍കിയിട്ടുണ്ട്. അധ്യാപക​െൻറ പ്രസംഗം കോളജിന് പുറത്തായതിനാല്‍ ഇതിൽ ഇടപെടാനാവില്ലെന്നാണ് കോളജ് അധികൃതരുടെ നിലപാട്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ഫാറൂഖ് കോളജിനു മുന്നില്‍ പിങ്ക് പൊലീസുൾപ്പെടെ വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. എസ്.എഫ്.ഐ ജില്ല വനിത ഉപസമിതി നടത്തിയ വത്തക്ക മാര്‍ച്ച് എസ്.എഫ്.ഐ ജില്ല ഉപാധ്യക്ഷന്‍ സച്ചിന്‍ദേവ് ഉദ്ഘാടനം ചെയ്തു. പി. ദിന്‍ഷിദാസ് അധ്യക്ഷത വഹിച്ചു. എ.ബി.വി.പി ജില്ല കമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ച് എ.ബി.വി.പി സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം വരുണ്‍ പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.വി. രാജേഷ് അധ്യക്ഷത വഹിച്ചു. കെ.എസ്.യു ഏകദിന ഉപവാസ സമരം സംസ്ഥാന സെക്രട്ടറി റഷീദ് കണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. ജഷീര്‍ പള്ളിവയല്‍ അധ്യക്ഷത വഹിച്ചു. എ.ബി.വി.പിയുടെ സമരത്തിനെതിരെയും എസ്.എഫ്.ഐ സമരത്തിനെതിരെയും ഒരു വിഭാഗം വിദ്യാർഥികൾ പ്രതിഷേധ മാർച്ചും ഗോബാക്ക് വിളികളുമായി രംഗത്തെത്തി. എ.ബി.വി.പി കുളംകലക്കി മീന്‍പിടിക്കുകയാണെന്നും എസ്.എഫ്.ഐ സമരം സദുദ്ദേശ്യത്തോടെയല്ലെന്നും ഇവർ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.