അംഗൻവാടികളിൽ വൈദ്യുതിയില്ല: ഉഷ്ണകാലത്ത് കുട്ടികൾ വേവുന്നു

പഞ്ചായത്തിൽ 22 അംഗൻവാടികൾക്ക് സ്വന്തം കെട്ടിടമുണ്ട്; ഒന്നിലും വൈദ്യുതിയില്ല വേളം: പഞ്ചായത്തിലെ അംഗൻവാടികളിൽ വൈദ്യുതി കണക്ഷൻ ലഭിക്കാത്തതിനാൽ ഉഷ്ണകാലത്ത് കുട്ടികൾ വേവുന്നു. ഫാനുകൾ സ്ഥാപിക്കാൻ കഴിയാത്തതാണ് കാരണം. മിക്കവയും ഉയരം കുറഞ്ഞ ഒറ്റനില കെട്ടിടങ്ങളാണ്. പഞ്ചായത്തിൽ 29 അംഗൻവാടികളിൽ 22 എണ്ണത്തിന് സ്വന്തമായി കെട്ടിടമുണ്ട്. എന്നാൽ, ഒന്നിലും വൈദ്യുതി കണക്ഷൻ ലഭിച്ചിട്ടില്ല. ഇതിൽ 20 വർഷം വരെ പഴക്കമുള്ളവയുണ്ട്്. കെട്ടിടം നിർമിച്ചപ്പോൾതന്നെ മിക്കവയും വയറിങ് നടത്തിയിട്ടുണ്ടെങ്കിലും കണക്ഷൻ ലഭിക്കാൻ ഇതുവരെ ഒറ്റ ഭരണസമിതിയും നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം. രണ്ടു നിലകളുള്ള കെട്ടിടംവരെ ഉണ്ടാക്കിയിട്ടും അത്യാവശ്യമായ വൈദ്യുതി കണക്ഷൻ മാത്രം ലഭ്യമാക്കിയില്ല. വയറിങ് കഴിഞ്ഞ കെട്ടിടങ്ങളുടെ രേഖകൾ വൈദ്യുതി ഓഫിസിൽ സമർപ്പിക്കാത്തതാണ് കണക്ഷൻ കിട്ടുന്നതിന് തടസ്സമായതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. അബ്ദുല്ല പറഞ്ഞു. നിലവിലെ ഭരണസമിതി വൈദ്യുതി ലഭ്യമാക്കാനുള്ള നടപടികൾ ആരംഭിച്ചതായും അറിയിച്ചു. വയറിങ് നടത്താത്തവയുടെ വയറിങ് നടത്തുന്നുണ്ടെന്നും പറഞ്ഞു. അതിനിടെ സ്ഥലം കിട്ടാത്തതിനാൽ സ്വകാര്യ കെട്ടിടത്തിലെ ഒറ്റമുറിയിൽ പ്രവർത്തിക്കുന്ന വലകെട്ട് അംഗൻവാടി പ്രവർത്തനം നിർത്തിവെക്കേണ്ട സ്ഥിതിയിലായി. ഒരു ടോയ്ലറ്റ് മാത്രമുള്ള കെട്ടിടത്തിൽ ഇതര സംസ്ഥാന തൊഴിലാളികളും താമസിക്കുന്നതിനാൽ അവിടേക്ക് കുട്ടികളെ വിടാൻ അമ്മമാർ ഭയക്കുന്നു. പകുതി കുട്ടികളും എത്തുന്നില്ലെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. നേരത്തേ കെട്ടിടത്തിൽ ആൾതാമസം ഇല്ലാത്തതിനാൽ പ്രശ്നമുണ്ടായിരുന്നില്ല. കൂടാതെ ഇവിടെ ഭക്ഷണം പാകംചെയ്യുന്നത് ഒന്നാം നിലയിലെ മുറിയിലാണ്. വെള്ളവും വിഭവങ്ങളും മേലേക്ക് കൊണ്ടുപോകണം. മൂന്നു മാസം മുമ്പാണ് വാടക വീട്ടിലായിരുന്ന അംഗൻവാടി കെട്ടിടത്തിലേക്ക് മാറ്റിയത്. അതിനിടെ അംഗൻവാടിക്ക് സ്ഥലം ലഭ്യമാക്കാൻ ശ്രമം നടക്കുന്നതായി പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.