പൊതുകിണര്‍ കൈയേറി മതില്‍ കെട്ടിയെന്ന്​

താൻ വിലക്കെടുത്ത ഭൂമിയിലാണ് കിണറെന്ന് ഉടമ കൊടുവള്ളി: സ്വകാര്യ വ്യക്തി പൊതുകിണര്‍ കൈയേറി മതിൽ കെട്ടിയതായി പരാതി. കൊടുവള്ളി മാനിപുരം റോഡില്‍ മുത്തമ്പലത്ത് കണ്ടംകുളങ്ങരയിലുള്ള കിണറാണ് സമീപത്തെ സ്ഥലമുടമ കൈയേറിയത്. പൊതുമരാമത്ത് റോഡില്‍നിന്ന് കിണറി​െൻറ അടുത്തേക്ക് കടക്കുന്ന ഭാഗത്ത് സിമൻറ് കട്ട ഉപയോഗിച്ച് മതില്‍ കെട്ടിയെന്നാണ് പ്രദേശവാസികളുടെ പരാതി. കിണര്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മുനിസിപ്പല്‍ സെക്രട്ടറി, കൊടുവള്ളി പൊലീസ് എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. 1935ല്‍ പൊയിലില്‍ ചെക്കു സംഭാവന നല്‍കിയ ഏഴര സ​െൻറിൽ കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഇവിടെ പൊതുകുളം നിർമിച്ചിരുന്നു. പിന്നീട് ഈ സ്ഥലം വാങ്ങിയ വ്യക്തി 1983ല്‍ കുളം കെട്ടിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അന്നത്തെ പഞ്ചായത്ത് ഭരണസമിതി ഇടപെട്ട് പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയാണ് പൊതുകിണര്‍ നിർമിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇതുപ്രകാരം പൊതുകിണര്‍ ഏറ്റെടുക്കാനും സംരക്ഷിക്കാനും 1987 നവംബര്‍ അഞ്ചിന് ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിക്കുകയായിരുന്നുവത്രെ. ഒത്തുതീര്‍പ്പുവ്യവസ്ഥ അനുസരിച്ച് വില്ലേജ് ഓഫിസില്‍നിന്ന് ഹാജരാക്കിയ രേഖയനുസരിച്ചാണ് കിണര്‍ പഞ്ചായത്ത് ഏറ്റെടുത്തത്. സമീപ പ്രദേശത്ത് ജലക്ഷാമം രൂക്ഷമല്ലാത്തതിനാല്‍ പൊതുജനങ്ങള്‍ കാര്യമായി ഉപയോഗിക്കാറില്ലെങ്കിലും വരള്‍ച്ചക്കാലത്ത് കുടിവെള്ള വിതരണത്തിന് പഞ്ചായത്ത് ഈ വെള്ളമാണ് ഉപയോഗിക്കുന്നത്. പൊതുകിണർ കൈയേറ്റം പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് നഗരസഭ സെക്രട്ടറി സ്ഥല ഉടമസ്ഥക്ക് നോട്ടീസ് നൽകി. ഇത് പൊതുകിണർ അല്ലെന്നും 2014 ജനുവരിയിൽ താൻ വിലക്കെടുത്ത ഏഴര സ​െൻറ് ഭൂമിയിലുള്ള കിണറാണെന്നും സ്ഥലത്തി​െൻറ പരിപൂർണ ക്രയവിക്രയ സ്വാതന്ത്ര്യം തനിക്കു മാത്രമാണെന്നും സ്ഥലമുടമ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.