തെങ്ങുകയറ്റത്തിൽ ഏഴാണ്ട്; സംതൃപ്തരാണ് ഈ വനിത രത്നങ്ങൾ

പേരാമ്പ്ര: 'മരംകയറിപ്പെണ്ണുങ്ങൾ പോകുേന്ന...' തുടങ്ങിയ പരിഹാസങ്ങൾ ഒരുപാട് കേട്ടെങ്കിലും ഈ നാൽവർ സംഘം തളരാതെ മുന്നേറുകയാണ്. ജില്ല കൃഷിഫാമിൽ ഏഴ് വർഷമായി തെങ്ങുകയറുന്ന കായണ്ണ കക്കുടുമ്പിൽ ബീന (38), പെരുവണ്ണാമൂഴി കേളോത്ത് റീജ (39), കൂത്താളി കുഞ്ഞോത്ത് ജോഷിബ (37), പാലേരി പുത്തൻപുരയിൽ വീണ (36) എന്നിവർക്ക് പരിഹാസങ്ങളോട് പുച്ഛം മാത്രം. പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിൽനിന്ന് യന്ത്രമുപയോഗിച്ചുള്ള തെങ്ങുകയറ്റത്തിൽ ഒരാഴ്ചത്തെ പരിശീലനമാണ് ഇവർക്ക് ലഭിച്ചത്. 25 പേർ പരിശീലനത്തിൽ പങ്കെടുത്തെങ്കിലും ഇവരുൾപ്പെടെ അഞ്ചുപേർ മാത്രമാണ് ഈ ജോലിയിൽ തുടരുന്നത്. 1200ഓളം തെങ്ങുകളാണ് ഫാമിലുള്ളത്. ദിവസം ഒരാൾ 40 തെങ്ങുകൾ കയറും. വിത്തുതേങ്ങ ഉൾപ്പെടെ പറിക്കുന്നത് ഇവർ തന്നെ. ഫാമിലെ കാഷ്വൽ തൊഴിലാളികളായ ഇവർ ഒഴിവുവേളകളിൽ ഫാമിലെ കൃഷിപ്പണിയിലും വ്യാപൃതരാവും. 630 രൂപയാണ് ദിവസം ലഭിക്കുക. തെങ്ങുകയറ്റത്തിന് പുറത്ത് ലഭിക്കുന്ന കൂലിയെ അപേക്ഷിച്ച് ഫാമിൽനിന്ന് പകുതിയേ ലഭിക്കുന്നുള്ളൂ. റീജയും വീണയും ബിരുദധാരികളും ജോഷിബയും ബീനയും പ്രീഡിഗ്രിക്കാരുമാണ്. ഏഴ് വർഷം മുമ്പ് ജോലിക്ക് പരിശ്രമിച്ചുകൊണ്ടിരിക്കുമ്പോഴാണ് തെങ്ങുകയറ്റ പരിശീലനത്തിന് പോയത്. പിന്നീട് പ്രതിസന്ധികളെ തരണംചെയ്ത് ഈ തൊഴിലിൽ തന്നെ ചുവടുറപ്പിക്കുകയായിരുന്നു. ഇവർ നാലുപേരും ഭർതൃമതികളും അമ്മമാരുമാണ്. വീട്ടുകാരുടെ പൂർണ പിന്തുണയും ഇവർക്കുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.