പാലോറമലയില്‍ തീപിടിത്തം; രാത്രിയിലും തീ അണക്കാനുള്ള ശ്രമം തുടരുന്നു

ഉള്ള്യേരി: പാലോറമലയില്‍ വന്‍ തീപിടിത്തം. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഉണങ്ങിക്കിടന്ന പുല്ലിനും അടിക്കാടിനും തീപിടിച്ചതോടെ ഏക്കര്‍കണക്കിന് പ്രദേശത്തേക്ക് തീപടരുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ കൊയിലാണ്ടി സ്േറ്റഷന്‍ ഓഫിസര്‍ സി.പി. ആനന്ദ​െൻറ നേതൃത്വത്തില്‍ ഫയര്‍ഫോഴ്സ് യൂനിറ്റ് സ്ഥലത്തെത്തി. എന്നാൽ, തീ നിയന്ത്രണാതീതമായതോടെ പേരാമ്പ്രയില്‍നിന്നും നരിക്കുനിയില്‍നിന്നുമുള്ള ഫയര്‍ഫോഴ്സ് യൂനിറ്റുകളും എത്തി. സ്ഥലത്ത് എത്തിെപ്പടാനുള്ള ബുദ്ധിമുട്ടും വെള്ളം ലഭിക്കാനുള്ള പ്രയാസവും തീയണക്കല്‍ ഏറെ ദുഷ്കരമാക്കി. ആറു മണിയോടെയാണ് ഫയര്‍ഫോഴ്സ് യൂനിറ്റുകള്‍ തിരിച്ചുപോയത്. എന്നാൽ, ഇവിടെ വീണ്ടും തീപിടിത്തമുണ്ടായി. തുടര്‍ന്ന് രാത്രി എട്ടരയോടെ കൊയിലാണ്ടിയില്‍നിന്ന് വീണ്ടും ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടർന്നു. 40 ഹെക്ടറോളം വ്യാപിച്ചുകിടക്കുന്ന മലയാണിത്. എല്ലാ വര്‍ഷവും വേനലില്‍ ഇവിടെ തീപിടിത്തം ഉണ്ടാകാറുണ്ട്. മനഃപൂര്‍വം തീകൊടുക്കുന്നതാണോയെന്ന സംശയവും പ്രദേശവാസികള്‍ക്കുണ്ട്. കൊയിലാണ്ടി തഹസില്‍ദാര്‍ പി. പ്രേമന്‍ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.