ഗെയിൽ: എതിർപ്പുള്ളയിടങ്ങളിൽ മാത്രം നഷ്ടപരിഹാരം; ഇരകളുടെ നിസ്സഹായത മുതലെടുക്കുന്നതായി ആക്ഷേപം താമരശ്ശേരി: കൃഷിയിടങ്ങൾ നശിപ്പിച്ച് ജനവാസകേന്ദ്രങ്ങളിലൂടെ ഗെയിൽ പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിനെതിരെ എതിർപ്പുള്ളയിടങ്ങളിൽ മാത്രം നഷ്ടപരിഹാരവും കൃത്യമായ രേഖകളും നൽകുകയും , പ്രതിഷേധകൂട്ടായ്മകളില്ലാത്തയിടങ്ങളിൽ ഇരകളുടെ നിസ്സഹായത മുതലെടുത്ത് രേഖകളോ, നോട്ടീസോ നൽകാതെ തണ്ണീർതടങ്ങൾ നികത്തുകയും വീടുകൾക്കും കിണറുകൾക്കും ഭീഷണിയുണ്ടാവുന്ന തരത്തിൽ പൈപ്പ് ലൈൻ സ്ഥാപിക്കുകയും ചെയ്യുന്നതായി വ്യാപകമായ ആക്ഷേപമുയരുന്നു. താമരശ്ശേരി കെടവൂർ, പൊടിപ്പിൽ, തേറ്റാമ്പുറം , ഒരുപനക്കുന്ന് , ചെമ്പ്ര വിളയാറച്ചാലിൽ, പാലക്കുന്നുമ്മൽ, ഈന്തുംകണ്ടി, തനിയലത്ത്, ഓടക്കുന്ന് ഭാഗങ്ങളിൽ യാതൊരു രേഖയും നൽകാതെയാണ് പത്തും ഇരുപതും െസൻറ് പുരയിടങ്ങൾ ഇടിച്ച് നിരത്തി പൈപ്പ് ലൈൻ സ്ഥാപിച്ചത്. സംഘടിതമായ പ്രതിഷേധങ്ങൾ ഇല്ലാതിരുന്നതിനാൽ കൃഷിയിടങ്ങളും തണ്ണീർത്തടങ്ങളും നശിപ്പിച്ചും കുന്നും മലകളും ഇടിച്ച് നിരത്തിയും വീടുകൾക്കും കിണറുകൾക്കും ഭീഷണിയാകുന്ന വിധത്തിൽ പൈപ്പ് ലൈൻ സ്ഥാപിച്ചുമെല്ലാമാണ് ഗെയിൽ പ്രവൃത്തി ഇവിടങ്ങളിൽ നടത്തിയിട്ടുള്ളത്. എന്നാൽ ഇവിടെ ഇരകൾ തങ്ങൾക്ക് നിയമപരമായി നൽകേണ്ട രേഖകളും നഷ്ടപരിഹാരങ്ങളും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും മിക്ക വീട്ടുകാർക്കും ഇവ നൽകാൻ ഗെയിൽ അധികൃതർ തയാറായിട്ടില്ല. അതേസമയം ശക്തമായ എതിർപ്പുകൾ ഉണ്ടായ ഉണ്ണികുളം, ചാലക്കര, പരപ്പൻപൊയിൽ ഭാഗങ്ങളിൽ രേഖകളും മറ്റും യഥാസമയം നൽകിയിട്ടുണ്ട്. ഇരകളുടെ പ്രതിഷേധത്തെ തുടർന്ന് ജില്ല കലക്ടർ വിളിച്ചുചേർത്ത യോഗങ്ങളിൽ തീരുമാനിച്ച മാനദണ്ഡങ്ങളും വ്യവസ്ഥകളും ഗെയിൽ അധികൃതർ അവഗണിക്കുകയാണെന്ന് ഗെയിൽ വിക്ടിംസ് ഫോറം ഭാരവാഹികൾ പരാതിപ്പെട്ടു. ഇരകൾക്ക് അർഹമായ നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുൻ എം.എൽ.എ വി.എം. ഉമ്മർ മാസ്റ്റർ തിരുവനന്തപുരത്ത്ചെന്ന് മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും കഴിഞ്ഞ ദിവസം നേരിട്ട് നിവേദനം നൽകിയിട്ടുണ്ട്. പ്രശ്നങ്ങൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും നഷപരിഹാരം ലഭ്യമാക്കുന്നതിന് ഗെയിൽ അധികൃതരുമായി ചർച്ചനടത്തുമെന്നും വേണ്ട നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി ഉമ്മർ മാസ്റ്റർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.