ഐ.സി.യുവിൽ നിന്ന് അർധരാത്രി രോഗി ഇറങ്ങിയോടി; അധികൃതരുടെ അശ്രദ്ധയെന്ന് പരാതി

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐ.സി.യുവിൽ ചികിത്സയിലായിരുന്ന രോഗി അർധരാത്രി ഇറങ്ങിയോടി. സം‍ഭവത്തിൽ ഡോക്ടർമാരുടെയും ആശുപത്രി ജീവനക്കാരുടെയും ഭാഗത്ത് അശ്രദ്ധയുണ്ടായെന്ന് ആക്ഷേപം. ഞായറാഴ്ച രാത്രി 12ഓടെയാണ് മെഡിക്കൽ കോളജ് പ്രധാന ബ്ലോക്കിലെ മെഡിസിൻ ഐ.സി.യുവിൽ കിടക്കുകയായിരുന്ന ന്യുമോണിയ രോഗിയായ 50കാരി പുറത്തിറങ്ങിയത്. ശരീരത്തിൽ ഘടിപ്പിച്ചിരുന്ന ട്യൂബുകളെല്ലാം പൊട്ടിച്ചെറിഞ്ഞാണ് ഇവർ ഇറങ്ങിയോടിയത്. പുറത്തെ ഗേറ്റുവരെ എത്തിയ ഇവരെ ഐ.സി.യുവിലെ മറ്റു രോഗികളുടെ കൂട്ടിരിപ്പുകാരും സെക്യൂരിറ്റി ജീവനക്കാരും ചേർന്ന് പിടിച്ചുവെക്കുകയായിരുന്നു. സംഭവസമയത്ത് ഈ രോഗിയുടെ കൂട്ടിരിപ്പുകാർ പുറത്തെ വരാന്തയിൽ ഉറങ്ങുകയായിരുന്നു. പിന്നീട് ഇവരെ ഐ.സി.യുവിലേക്ക് എത്തിച്ചപ്പോൾ മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരും നഴ്സുമാരും സംഭവം അറിഞ്ഞതത്രേ. ഡോക്ടർമാരുടെ ശ്രദ്ധക്കുറവിനെത്തുടർന്ന്, ഈ രോഗിയെ പിന്നീട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കൽ ഐ.സി.യുവിൽ ഡോക്ടർമാർ രോഗികൾക്ക് വേണ്ടത്ര ശ്രദ്ധയോ പരിചരണമോ നൽകുന്നില്ലെന്ന് ആക്ഷേപമുന്നയിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് മെഡിക്കൽ ഐ.സി.യു ചുമതലയുള്ള യൂനിറ്റ് ചീഫിനോട് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സൂപ്രണ്ട് ഡോ.കെ.ജി. സജിത്ത് കുമാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.