പാര്‍ട്ടിയുടെ പേരിൽ തോന്നിയപോലെ പ്രവര്‍ത്തിക്കരുത്​ ^കോടിയേരി

പാര്‍ട്ടിയുടെ പേരിൽ തോന്നിയപോലെ പ്രവര്‍ത്തിക്കരുത് -കോടിയേരി ഷുഹൈബ് വധത്തില്‍ പാര്‍ട്ടി ബന്ധമുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ട് മട്ടന്നൂര്‍: പാര്‍ട്ടിയെന്നുപറഞ്ഞ് എന്തുകാര്യവും തോന്നിയപോലെ പ്രവര്‍ത്തിക്കാന്‍ പറ്റില്ലെന്നും ഇത് പാര്‍ട്ടിയെയും പാര്‍ട്ടിയുടെ യശസ്സിനേയും ബാധിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ എടുത്ത ആദ്യതീരുമാനം പാര്‍ട്ടി തീരുമാനമെടുത്ത് ഒരു അക്രമവും നടത്താന്‍ പാടില്ലെന്നാണ്. രാഷ്ട്രീയമായ പ്രാദേശികവിഷയങ്ങള്‍ അതത് പൊലീസ് സ്റ്റേഷനില്‍ പരാതിനല്‍കി നിയമപരമായി നേരിടുകയെന്നതാണ്. എന്നാല്‍, എടയന്നൂരിൽ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ പാര്‍ട്ടിയുമായി ബന്ധമുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇത് പാര്‍ട്ടി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മട്ടന്നൂരില്‍ നാൽപാടി വാസു രക്തസാക്ഷിദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. ഷുഹൈബ് വധക്കേസില്‍ പാര്‍ട്ടിക്ക് പങ്കില്ല, കരിനിയമങ്ങളിലൂടെ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താമെന്നത് ചിലരുടെ വ്യാമോഹം മാത്രമാണ്. കോണ്‍ഗ്രസി​െൻറ ഉപവാസസമരം ആര്‍.എസ്.എസ് സ്‌പോണ്‍സര്‍ ചെയ്തതാണ്. ആര്‍.എസ്.എസ് നേതാവ് കൊല്ലപ്പെട്ടപ്പോള്‍ പ്രതികള്‍ സി.പി.എം അല്ലാത്തതുകൊണ്ട് സി.ബി.ഐ അന്വേഷണം വേണ്ടായിരുന്നു. എന്നാല്‍, ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ വേണമെന്നാണ് ഇവരുടെയും നിലപാട്. അന്വേഷണത്തില്‍ സി.പി.എമ്മിന് ഒരു ഭയവുമില്ല. പാര്‍ട്ടിയുടെ ജില്ല, ഏരിയ, ലോക്കല്‍ സെക്രട്ടറിമാരെ പ്രതിയാക്കുക, വേണമെങ്കില്‍ സംസ്ഥാന സെക്രട്ടറിയെ പ്രതിയാക്കുക അതാണ് സി.ബി.ഐയുടെ ഇപ്പോഴത്തെ സമീപനം. ഷുഹൈബ് വധക്കേസില്‍ പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ എതിരല്ല. എന്നാല്‍, സംഭവത്തില്‍ ഇല്ലാത്ത നേതാക്കളെ വേട്ടയാടാന്‍ ശ്രമിച്ചാല്‍ അതിനെ നിയമപരമായി നേരിടുമെന്നും കോടിയേരി പറഞ്ഞു. സി.പി.എം ജില്ല കമ്മിറ്റി അംഗം പി. പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. ടി. കൃഷ്ണന്‍, കെ. ഭാസ്‌കരന്‍, എന്‍.വി. ചന്ദ്രബാബു, കെ.സി. മനോജ്, എം. രതീഷ്, വി.കെ. സുഗതന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.